World

പുതുവത്സരദിനം; അവധി പ്രഖ്യാപിച്ച് ഷാർജ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാർജ. മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും. അവധിക്ക് ശേഷം ജനുവരി രണ്ട് വ്യാഴാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വരുന്ന വര്‍ഷത്തില്‍ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയ്ക്ക് അനുസൃതമായാണ് ഈ പ്രഖ്യാപനം. 2025ല്‍ താമസക്കാര്‍ക്ക് പൊതു അവധി ദിവസങ്ങളായി 13 ദിവസം വരെ ലഭിക്കും. ‌ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയമനുസരിച്ച് ഇസ്ലാമിക ഉത്സവമായ ഈദ് അല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍ അവധിയില്‍ അടുത്ത വര്‍ഷം ചില വ്യത്യസങ്ങളുണ്ടാവും. സമീപ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊതു അവധി ദിവസങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റമാണിത്.