Travel

മഞ്ഞ് പുതച്ച് കാശ്മീർ; തണുത്തുറഞ്ഞ് ദാൽ തടാകം; ഇനിയുള്ള 40 നാളുകൾ ‘ചില്ല-ഇ-കലൻ’ | chillai i kalan jammu kashmir winter season

ശ്രീനഗറിൽ കുറഞ്ഞ താപനില - 7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 7 ഡിഗ്രി സെൽഷ്യസ് ആണ്

മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്നുള്ള കാറ്റ് ജമ്മു കശ്മീരിലുടനീളം ശക്തമായ തണുത്ത തിരമാലകളായി വീശിക്കൊണ്ടിരിക്കുകയാണ്. ജമ്മു കാശ്മീരിലെ കാഴ്ചകൾ ആരെയും കുളിരു കോരിക്കുന്നത് തന്നെയാണ്. സാഹസികത മുതൽ ശാന്തമായ ചുറ്റുപാടുകൾ വരെ എല്ലാം ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും. മഞ്ഞുമൂടിയ പർവതങ്ങൾക്കും താഴ്വരകൾക്കും നടുവിൽ നിങ്ങൾ ഉണരുന്നതെന്ന് സങ്കൽപ്പിച്ചു നോക്കൂ.. എന്ത് മനോഹരമായിരിക്കും അല്ലേ.. ഇപ്പോൾ അവിടം അതിലും മനോഹരമാണ്.

ശൈത്യകാല സീസണിലെ ഏറ്റവും തണുപ്പുള്ള കാലഘട്ടമായ ചില്ല-ഇ-കലന് തുടക്കം ആയിരിക്കുകയാണ്. ശ്രീനഗറിൽ കുറഞ്ഞ താപനില – 7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 7 ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൾ. കാശ്മീരിലെ ദാൽ തടാകം ചിത്രത്തിലെങ്കിലും കാണാത്തവരായി ആരും കാണില്ല. അത്ര സുന്ദരമായ കാഴ്ച ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടത് തന്നെയാണ്. കാശ്മീരിന്റെ രത്നം എന്നാണ് ദാൽ തടാകം അറിയപ്പെടുന്നത്. കാശ്മീരിന്റെ പരമ്പരാഗതമായ ബോട്ട് ആയ ശിക്കാരയിൽ കയറി ദാൽ തടാകത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കും. വിനോദസഞ്ചാരികൾക്കായി ധാരാളം ഹൗസ് ബോട്ടുകളും ഇവിടെയുണ്ട്. ഈ തടാകം ഇപ്പോൾ തണുത്തുറഞ്ഞു. തോണിയിൽ യാത്ര ചെയ്യുന്നവർ പങ്കായം കൊണ്ട് ഐസ് ഉടച്ചു കൊണ്ടാണ് മുന്നോട്ടുപോകുന്നത്. നഗരത്തിലെയും താഴ്വര മേഖലകളിലെയും കനാലുകളും തണുത്തുറന്നിട്ടുണ്ട്

ശ്രീനഗറിന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1934 ഡിസംബർ 13നാണ്. അന്ന് –12.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തണുപ്പിന്റെ തീവ്രത കണക്കിലെടുത്ത് നഗരത്തിൽ മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും സുരക്ഷിത നടപടികളും സ്വീകരിക്കണമെന്ന് ചിലർ വ്യക്തമാക്കി. പഹൽഗാം –5.2 ഡിഗ്രി സെൽഷ്യസ്, ഗുൽമാർഗ് –6.0, കോക്കർനാഗ് –3.7 എന്നിങ്ങനെയാണ് കുറഞ്ഞ താപനില

കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ചില്ല-ഇ-കലന്‍ എന്ന് വിളിക്കുന്ന കാലഘട്ടം ജനുവരി 31 വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള 20 ദിവസം ‘ചില്ല–ഇ–ഖുർദ്’ കാലഘട്ടമായിരിക്കും. അടുത്ത പത്തുദിവസം ചില്ല–ഇ ബച്ചായും ആയിരിക്കും. ഇതുകഴിഞ്ഞാൽ ജമ്മു കശ്മീർ കൊടുംതണുപ്പിൽ നിന്ന് പുറത്തുവരും.

CONTENT HIGHLIGHT: chillai i kalan jammu kashmir winter season