Thiruvananthapuram

നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോള്‍ തന്നെ ജനങ്ങള്‍ കെ.കരുണാകരനെ ഓര്‍മ്മിക്കും: കെ.മുരളിധരന്‍

വിമാനത്താവളത്തിന് ലീഡറുടെ പേര് നല്‍കിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോള്‍ തന്നെ ജനങ്ങള്‍ കെ. കരുണാകരനെ ഓര്‍മ്മിക്കുമെന്ന് കെ. മുരളീധരന്‍. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തുകയും, കേരളത്തില്‍ ഒട്ടേറെ വികസനങ്ങള്‍ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ.കരുണാകരനെന്ന് കെ.മുരളീധരന്‍ അനുസ്മരിച്ചു. കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍ പച്ച തൊടാതിരുന്ന ചില ശക്തികള്‍ നഗര ഭരണം പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്ത് പരാജയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് കെ. കരുണാകരനോട് ചെയ്യാവുന്ന ആദരവ്. മോഷണം നടത്തിയവരെ കണ്ടു പിടിക്കാന്‍ ഏറ്റവും നല്ല മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതു പോലുള്ള തമാശയാണ് വോട്ടിന് വേണ്ടി പൂരം കലക്കിയവരെ കണ്ടെത്താനുള്ള ചുമതല നല്‍കിയതിലൂടെ കണ്ടത്.പൂരം കലക്കിയവരെ വെള്ളപൂശുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍ രണ്ട് കക്ഷികള്‍ തമ്മിലുള്ള അന്തര്‍ധാരയാണ്.

മേയറുടെ ധാര്‍ഷ്ഠ്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ചന്ദ്രഹാസം മുഴക്കിയ പാര്‍ട്ടിക്കാര്‍ തന്നെ ഇപ്പോള്‍ മേയറുടെ ധാര്‍ഷ്ഠ്യത്തെക്കുറിച്ച് പാര്‍ട്ടി സമ്മേളനത്തില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസില്‍ തലമുറമാറ്റമല്ല വേണ്ടത് മറിച്ച് കഷ്ടപ്പെട്ട് പാര്‍ട്ടിക്കു വേണ്ടി അദ്ധ്വാനിക്കുകയും മര്‍ദ്ദനവും കേസ്സും നേരിട്ടവര്‍ക്ക് അംഗീകരം നല്‍കുകയാണ് വേണ്ടത്. 2026 ജൂലായ് 5ന് കെ. കരുണാകരന്റെ പേരിലുള്ള സ്മാരക മന്ദിരം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടിയെന്നും കെ.മുരളീധരന്‍ പറഞ്ഞു. സ്റ്റഡി സെന്റര്‍ ജില്ലാചെയര്‍മാന്‍ ബി.സുഭാഷ് അധ്യക്ഷത വഹിച്ചു.ചാണ്ടി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. പാലോട് രവി, എന്‍.പീതാംബരക്കുറുപ്പ്, വി.എസ് ശിവകുമാര്‍, ടി.ശരത്ചന്ദ്രപ്രസാദ്, എ.എസ് ഉണ്ണികൃഷ്ണന്‍, എന്‍.ആര്‍ ജോഷി, ഇരണിയല്‍ ശശി എന്നിവര്‍ പങ്കെടുത്തു.

CONTENT HIGHLIGHTS; People remember K. Karunakaran as soon as they say Nedumbassery airport: K. Muralidharan

Latest News