പാലക്കാട് നല്ലേപ്പുള്ളി, തത്തമംഗലം സ്കൂൾ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. ആക്രമണം ബോധപൂർവം നടത്തിയതെന്ന് പറഞ്ഞ മന്ത്രി വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും. ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും പറഞ്ഞു. രണ്ട് സംഭവങ്ങളുമായി സാമ്യമുണ്ട്. നല്ലേപള്ളിയിലെ അതേ സംഘം തന്നെയാണ് തത്തമംഗലത്തെ ആക്രമണത്തിന് പിന്നിലെന്നും മന്ത്രി സംശയം പ്രകടിപ്പിച്ചു. രണ്ടിന് പിന്നിലും ഒരേ സംഘമാണോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് തത്തമംഗലത്ത് സ്‌കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.ആരാണ് പുൽക്കൂട് തകർത്തതെന്ന് നിലവിൽ വ്യക്തമല്ല. ഗേറ്റിനുള്ളിലുണ്ടായിരുന്ന പുൽക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകർത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിലായിരുന്നു. പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു.