Sports

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി; 62 റണ്‍സിനാണ് ബറോഡയുടെ വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. 62 റണ്‍സിനാണ് ബറോഡ കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല്‍പ്പത്തിയാറാം ഓവറില്‍ 341 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബറോഡയെ ബാറ്റിങ്ങിനയച്ച കേരളത്തിന്റെ തീരുമാനം പിഴച്ചു. 10 റണ്‍സെടുത്ത ശാശ്വത് റാവത്തിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും തുടര്‍ന്നെത്തിയ ബറോഡ ബാറ്റര്‍മാരെല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. രണ്ടാം വിക്കറ്റില്‍ എന്‍ എ രഥ്വയും പി എസ് കോഹ്ലിയും ചേര്‍ന്ന് തകര്‍ത്തടിച്ച് മുന്നേറി. രഥ്വ 99 പന്തില്‍ നിന്ന് 136 റണ്‍സെടുത്തപ്പോള്‍ പി എസ് കോഹ്ലി 72 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡെയുടെയും വിഷ്ണു സോളങ്കിയുടെയും ഭാനു പനിയയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ബറോഡയുടെ സ്‌കോര്‍ 400 കടത്തിയത്. ക്രുണാല്‍ പാണ്ഡ്യ 54 പന്തില്‍ നിന്ന് 80 റണ്‍സുമായും ഭാനു പനിയ 15 പന്തില്‍നിന്ന് 37 റണ്‍സുമായും പുറത്താകാതെ നിന്നു. വിഷ്ണു സോളങ്കി 25 പന്തില്‍ നിന്ന് 46 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ഷറഫുദ്ദീന്‍ രണ്ടും ഏദന്‍ ആപ്പിള്‍ ടോം, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹന്‍ കുന്നുമ്മലും അരങ്ങേറ്റ മത്സരം കളിക്കുന്ന അഹ്‌മദ് ഇമ്രാനും മികച്ച തുടക്കം തന്നെ നല്‍കി. രോഹന്‍ കുന്നുമ്മല്‍ 65ഉം അഹ്‌മദ് ഇമ്രാന്‍ 51ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ന്നെത്തിയവരില്‍ മൊഹമ്മദ് അസറുദ്ദീന് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായത്. അസറുദ്ദീന്‍ 58 പന്തില്‍ 104 റണ്‍സെടുത്തു. എട്ട് ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്‌സ്. ഷോണ്‍ റോജര്‍ 27ഉം ഷറഫുദ്ദീന്‍ 21ഉം റണ്‍സെടുത്തു. ബറോഡയ്ക്ക് വേണ്ടി രാജ് ലിമ്പാനി, എ എം സിങ്, എന്‍ എ രഥ്വ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.