Sports

വിജയ് മര്‍ച്ചന്റ് ട്രോഫി : ആന്ധ്ര 278 റണ്‍സിന് പുറത്ത്, കേരളം എഴ് വിക്കറ്റിന് 125 റണ്‍സ്

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാന്‍ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. നേരത്തെ ആന്ധ്രയുടെ ആദ്യ ഇന്നിങ്‌സ് 278 റണ്‍സിന് അവസാനിച്ചിരുന്നു, മുന്‍നിര ബാറ്റര്‍മാരില്‍ ആര്‍ക്കും മികച്ച ഇന്നിങ്‌സ് കാഴ്ച വയ്ക്കാന്‍ കഴിയാതിരുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇഷാന്‍ രാജും 24 റണ്‍സെടുത്ത തോമസ് മാത്യുവും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. ആദ്യ മത്സരങ്ങളില്‍ ടീമിന്റെ രക്ഷകനായ ഇഷാന്‍ കുനാല്‍ 14 റണ്‍സോടെ ക്രീസിലുള്ളതാണ് കേരളത്തിന്റെ പ്രതീക്ഷ. റണ്ണൊന്നുമെടുക്കാതെ ദേവഗിരിയും ഇഷാനൊപ്പം ക്രീസിലുണ്ട്. ആന്ധ്രയ്ക്ക് വേണ്ടി തോഷിത് യാദവ്, ടി തേജ, ഭാനു സ്വരൂപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആറ് വിക്കറ്റിന് 232 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ആന്ധ്രയുടെ ഇന്നിങ്‌സ് അധികം നീട്ടാന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. 278 റണ്‍സിന് ആന്ധ്രയുടെ ഇന്നിങ്‌സിന് അവസാനമായി. നാല് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്‍ ബാസിദും രണ്ട് വിക്കറ്റ് നേടിയ തോമസ് മാത്യുവുമാണ് കേരള ബൌളിങ് നിരയില്‍ തിളങ്ങിയത്.