Sports

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫി; കേരളത്തെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഡല്‍ഹി

മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. എട്ട് വിക്കറ്റിനാണ് ഡല്‍ഹി കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 25.4 ഓവറില്‍ 108 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി പന്ത്രണ്ടാം ഓവറില്‍ ലക്ഷ്യത്തിലെത്തി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ് നിരയുടെ തകര്‍ച്ചയാണ് കേരളത്തിന് തിരിച്ചടിയായത്. ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും കേരള ബാറ്റര്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാരായ ഗോവിന്ദ് ദേവ് പൈയും കാമില്‍ അബൂബക്കറും 18ഉം ഒന്‍പതും റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ 27 റണ്‍സെടുത്ത അഭിഷേക് നായര്‍ മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. വാലറ്റത്ത് ജെറിന്‍ പി എസിന്റെ പ്രകടനമാണ് കേരളത്തിന്റെ സ്‌കോര്‍ 100 കടത്തിയത്. ജെറിന്‍ 19 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു. എട്ട് വിക്കറ്റ് വീഴ്ത്തിയ റോനക് വഗേലയുടെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് അര്‍പിത് റാണയുടെയും. ആയുഷ് ദൊസേജയുടെയും വെടിക്കെട്ട് പ്രകടനമാണ് അനായാസ വിജയമൊരുക്കിയത്. അര്‍പ്പിത് റാണ 18 പന്തില്‍ നിന്ന് 38ഉം ആയുഷ് ദൊസേജ 32 പന്തുകളില്‍ നിന്ന് 59ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി പവന്‍ രാജും ഷൈന്‍ ജോണ്‍ ജേക്കബും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.