Health

സ്ത്രീകളിലെ പി.സി.ഒ.ഡി; കാരണങ്ങളും പരിഹാരവും | pcos

50 ശതമാനം സ്ത്രീകളിലും ഇന്ന് പി.സി.ഒ.ഡി കാണുന്നുണ്ട്.

ഇന്നത്തെ കാലത്ത് സ്ത്രീകൾ കൂടുതലായി കാണുന്നതാണ് പി.സി.ഒ.ഡി . ഒരു ശാരീരിക പ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രശ്നത്തിൽ ആക്കുന്ന ഒരു രോഗാവസ്ഥയാണ് പിസിഒഡി . 50 ശതമാനം സ്ത്രീകളിലും ഇന്ന് പി.സി.ഒ.ഡി കാണുന്നുണ്ട്. പി.സി.ഒ.ഡി പെട്ടെന്ന് ഒന്നോ രണ്ടോ ദിവസംകൊണ്ട് സങ്കീർണതകളൊന്നുമുണ്ടാക്കില്ല. എന്നാൽ, വർഷങ്ങളായുള്ള അശ്രദ്ധ വലിയ സങ്കീർണതകളിലേക്ക് കൊണ്ടെത്തിക്കും. അതായത് പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ, അമിത കൊളസ്ട്രോൾ, വന്ധ്യത, ഹൃദ്രോഗം എന്നിങ്ങനെയുള്ള സങ്കീർണതകൾ വന്നുചേരാം.

പി സി ഒ ഡിയെ കുറിച്ച് കൂടുതൽ അറിയാം

പോളിസിസ്റ്റിക് ഒാവേറിയൻ സിൻഡ്രോം (പി.സി.ഒ.ഡി )
അണ്ഡാശയങ്ങളിൽ കാണപ്പെടുന്ന സിസ്റ്റുകൾ അഥവാ കുമിളകളെയാണ് പി.സി.ഒ.ഡി എന്നു വിളിക്കുന്നത്. 15 മുതൽ 20 വരെ സിസ്റ്റുകളോ അതിലധികമോ ഒരു ഓവറിയിൽതന്നെ കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെയാണ് പോളി (ഒരുപാട്) എന്ന് ഉപയോഗിക്കുന്നത്. ഈ സിസ്റ്റുകൾ വലത് അണ്ഡാശയത്തിലോ ഇടത് അണ്ഡാശയത്തിലോ കാണപ്പെടാം. അതുകൊണ്ട് ഇത് ബൈലാറ്ററൽ ഒാവേറിയൻ സിസ്റ്റ് എന്നും അറിയപ്പെടുന്നു.

ക്രമംതെറ്റിയ ആർത്തവം, അനാവശ്യ രോമവളർച്ച, കഴുത്ത്, ഇടുപ്പ് പോലുള്ള ഭാഗങ്ങളിൽ കാണപ്പെടുന്ന കറുത്ത നിറം, പൊണ്ണത്തടി (പ്രത്യേകിച്ച് അരക്കെട്ടിലും തുടയിലും വയറ്റിലും കൊഴുപ്പടിയുക) എന്നിവ പി.സി.ഒ.ഡിയുടെ വ്യാപകമായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്. അബ്ഡോമൻ, പെൽവിക് എന്നിവയുടെ അൾട്രാസൗണ്ട് സ്കാനിലൂടെ പി.സി.ഒ.ഡി കണ്ടെത്താനാവും.

ഒരു നൂലിൽ മുത്തുകൾ കോർത്തുവെച്ചതുപോലെ വളരെ നേർത്തരൂപത്തിലാണ് സിസ്റ്റുകൾ കാണപ്പെടുക. ഹോർമോൺ അസന്തുലിതാവസ്ഥമൂലമുണ്ടാകുന്ന പി.സി.ഒ.ഡി നമ്മെ വന്ധ്യതയിൽ വരെ എത്തിക്കാം. സാധാരണ 28 ദിവസം വരുന്ന ആർത്തവചക്രത്തിലെ പതിനാലാമത്തെ ദിവസമാണ് അണ്ഡവിസർജനം നടക്കുക. പി.സി.ഒ.ഡി ഉള്ളവരിൽ ഈ സമയത്ത് പുറത്തുവരുന്ന അണ്ഡം പൂർണ വളർച്ച എത്താത്ത അവസ്ഥയിലായിരിക്കും. പൂർണ വളർച്ച എത്താത്ത അണ്ഡവുമായി ബീജസംയോജനം നടന്നാൽ കുഞ്ഞുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെയാണ് പി.സി.ഒ.ഡി വന്ധ്യതയിലേക്കു നയിക്കുന്നത്.

 

കാരണങ്ങൾ
● പാരമ്പര്യം ഒരു പ്രധാന ഘടകമാണ്
● ലൈഫ് സ്റ്റൈൽ മാറ്റങ്ങൾ
● ഇൻസുലിൻ റെസിസ്റ്റൻസ്

നമ്മുടെ ശരീരത്തിലെത്തുന്ന പഞ്ചസാര തന്മാത്രകളെ ഊർജമാക്കി മാറ്റുന്നത് പാൻക്രിയാസിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ഹോർമോണാണ്. ഈ ഇൻസുലിൻ ഹോർമോണുകൾക്ക് പഞ്ചസാര തന്മാത്രകളെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് അറിയപ്പെടുന്നത്. ഈ അവസ്ഥയിൽ എത്ര ഭക്ഷണം കഴിച്ചാലും ഊർജം ഇല്ലാത്തതുപോലെ അനുഭവപ്പെടും. മാത്രമല്ല, ഭക്ഷണം ഊർജമായി പരിവർത്തിക്കപ്പെടാതെ കൊഴുപ്പായി തുടകളിലും നിതംബത്തിലും അടിഞ്ഞുകൂടുകയും തൽഫലമായി പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യുന്നു.

 

പരിഹാരമാർഗം
അനാരോഗ്യകരമായ ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണ് ആദ്യപടിയായി ചെയ്യേണ്ടത്. ഇതിന്റെ ഭാഗമായി ഭക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. 70 കിലോ ശരീരഭാരമുള്ള രോഗി 10 കിലോഗ്രാം കുറച്ചാൽതന്നെ പി.സി.ഒ.ഡിയുടെ മുക്കാൽഭാഗം നമുക്ക് മാറ്റിയെടുക്കാൻ കഴിയും.

● ദിനവും വ്യായാമം ചെയ്യുക
● ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരുക.
● മാനസിക പിരിമുറുക്കം കുറക്കുക.

 

content highlight : polycystic-ovary-syndrome-pcos