പഞ്ചാബിലെ വലിയ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് സമൂഹത്തിന്‍െറ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് ലോകമെങ്ങുമുള്ള സിക്കുകാര്‍ പുണ്യസ്ഥലമായി കരുതുന്ന സുവര്‍ണക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് അമൃത്സര്‍ എന്ന പേര് ലഭിച്ചത്. ഈ തടാകത്തിന്റെ മധ്യത്തിലാണ് സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ നാലാമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു രാംദാംസ് ജിയാണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്രം. ഇദ്ദേഹത്തിന്‍െറ പിന്‍ഗാമിയായിരുന്ന ഗുരു അര്‍ജന്‍ ദേവ് ജിയുടെ കാലത്ത് 1601ലാണ് സുവര്‍ണ ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായതും അമൃത്സര്‍ നഗരത്തിന്റെ വികസനം പൂര്‍ത്തിയാക്കിയതും. 1947ല്‍ വിഭജനകാലം വരെ അവിഭക്ത പഞ്ചാബിലെ പ്രമുഖ വാണിജ്യ വ്യാപാര കേന്ദ്രമായിരുന്നു അമൃത്സര്‍.
വിഭജനത്തോടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയായി അമൃത്സര്‍ മാറി. നിലവില്‍ കാര്‍പ്പെറ്റുകളും തുണിത്തരങ്ങളും കരകൗശല വസ്തുക്കളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുമൊക്കെയാണ് ഇവിടെ വ്യാപാരം നടത്തുന്നത്. ടൂറിസം ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ്.സുവര്‍ണക്ഷേത്രം തന്നെയാണ് അമൃത്സറിലെ പ്രധാന കാഴ്ച. ചരിത്രമുറങ്ങുന്ന നിരവധി ഗുരുദ്വാരകളും ഇവിടെയുണ്ട്. ഹര്‍മന്ദിര്‍ സാഹിബ് എന്നും അറിയപ്പെടുന്ന സുവര്‍ണക്ഷേത്ര സന്ദര്‍ശനം പുണ്യമേറെയുള്ളതാണെന്നാണ് സിഖുകാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ സഞ്ചാരികളടക്കം പ്രതിദിനം ഒരു ലക്ഷത്തിലധികം പേര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. സിഖ് സമൂഹത്തിന്റെ പരമോന്നത ആത്മീയ കേന്ദ്രമായ ശ്രീ അകാല്‍തക്കും സുവര്‍ണ ക്ഷേത്ര സമുച്ചയത്തിന് ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ബിബേക്സര്‍ സാഹിച്, ബാബാ അതാല്‍ സാഹിബ്, രാംസാര്‍ സാഹിബ്, സന്തോക്സര്‍ സാഹിബ് തുടങ്ങിയവയാണ് ഇവിടത്തെ മറ്റു പ്രമുഖ ആരാധനാ കേന്ദ്രങ്ങള്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന പല സംഭവങ്ങള്‍ക്കും ഈ സുവര്‍ണ നഗരം സാക്ഷിയായിട്ടുണ്ട്. 1919ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇവിടെ ജീവന്‍ വെടിഞ്ഞവരുടെ ഓര്‍മക്കായി സ്ഥാപിച്ച സ്മാരകം കാണാനും സ്മരണാഞ്ജലിയര്‍പ്പിക്കാനും നിരവധി പേര്‍ പ്രതിദിനം ഇവിടെയത്തൊറുണ്ട്. മഹാരാജാ രഞ്ജിത്ത്സിംഗ് മ്യൂസിയം, കൈറുദ്ദീന്‍ മസ്ജിദ്, ബത്തിന്‍ഡ കോട്ട, സാരാഗര്‍ഹി മെമ്മോറിയല്‍, ഗോബിന്ദ്ഗര്‍ കോട്ട എന്നിങ്ങനെ ബ്രിട്ടീഷുകാരോട് പൊരുതി നിന്ന സിക്കുകാരുടെയും മറ്റും ചരിത്രകഥ പറയുന്ന സ്മാരകങ്ങളും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകും. പാക്കിസ്ഥാനുമായി അതിരിടുന്ന വാഗാ ബോര്‍ഡറില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന സെറിമോണിയാല്‍ പരേഡാണ് മറെറാരു കാഴ്ച.
ഇരു രാജ്യങ്ങളിലെയും പട്ടാളക്കാരുടെ പ്രകടനങ്ങള്‍ കാണാന്‍ ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രത്യേക ഗ്യാലറികള്‍ തീര്‍ത്തിട്ടുണ്ട്. ഹൈന്ദവക്ഷേത്രങ്ങളും ഇവിടെയുണ്ട്. ദുര്‍ഗിയാന ക്ഷേത്രം, മന്ദിര്‍ മാതാ ലാല്‍ ദേവി, ഇസ്കോണ്‍ ക്ഷേത്രം, ഹനുമാന്‍ മന്ദിര്‍, ശ്രീ രാം തീര്‍ഥ് ക്ഷേത്രം എന്നിവ ഇതില്‍ ചിലതാണ്. കൈസര്‍ഭാഗ്, രാംഭാഗ്, കല്‍സ കോളജ്, ഗുരു നാനാക്ക് സര്‍വകലാശാല, തരണ്‍ തരണ്‍, പുല്‍ കാഞ്ചാരി എന്നിവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണ സ്ഥലങ്ങള്‍.പഞ്ചാബിലെ പ്രമുഖ നഗരങ്ങളിലൊന്നായ അമൃത്സറിലേക്ക് വിമാനമാര്‍ഗവും ട്രെയിന്‍മാര്‍ഗവും റോഡുമാര്‍ഗവും എളുപ്പത്തില്‍ എത്താന്‍ കഴിയും. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും വിമാന സര്‍വീസുകള്‍ ഉണ്ട്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കുമുള്ള ട്രെയിനുകള്‍ അമൃത്സര്‍ റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്. ഗ്രാന്‍റ്ട്രങ്ക് റോഡിന് (എന്‍.എച്ച്1) സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ റോഡുമാര്‍ഗവും എളുപ്പം ഇവിടെയത്തൊം. വടക്കുപടിഞ്ഞാറന്‍ മേഖലക്ക് സമാനമായി വേനലും മഴക്കാലവും തണുപ്പുകാലവും ഇവിടെ അനുഭവപ്പെടാറുണ്ട്. സൗമ്യമായ കാലാവസ്ഥയായതിനാല്‍ വര്‍ഷത്തില്‍ എല്ലാ തവണയും സന്ദര്‍ശിക്കാമെങ്കിലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് അനുയോജ്യമായ സമയം.
STORY HIGHLIGHTS: A journey to the cradle of Sikh culture