കോഴിക്കോട്: സ്കൂൾതല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ വിവാദ ഓൺലൈൻ പ്ലാറ്റ്ഫോമായ എംഎസ് സൊലൂഷൻസിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി.
എംഎസ് സൊലൂഷൻസിൽ നിന്നു പിടിച്ചെടുത്ത കംപ്യൂട്ടർ, ഹാർഡ് ഡിസ്ക്, ഉടമ മുഹമ്മദ് ശുഹൈബിന്റെ മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധന ഫലം ലഭിക്കുന്നതോടെ കൂടുതൽ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണു ക്രൈംബ്രാഞ്ച് നീക്കം. മുഹമ്മദ് ഷുഹൈബ് വിദേശത്തേക്കു കടക്കാനുള്ള സാധ്യത പരിഗണിച്ച് അദ്ദേഹത്തെ കണ്ടെത്താനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. ശുഹൈബിന്റെ മുൻകൂർ ജാമ്യഹർജി കോഴിക്കോട് ജില്ലാ കോടതി ഇന്നു പരിഗണിക്കും.
പ്രാഥമിക അന്വേഷണത്തിൽ ചോദ്യക്കടലാസ് ചോർന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ശുഹൈബിനെതിരെ കേസെടുത്തത്. ചോദ്യം ചെയ്യലിന് ഇന്നു ഹാജരാകാനും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ശുഹൈബിന്റെ ഭാഗത്തു നിന്നു പ്രതികരണം ഇല്ലാതായതോടെയാണു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങിയത്.