Food

ശബരിമലയിൽ തീർത്ഥാടക പ്രവാഹം; തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നാളെ

ശബരിമല: ശബരിമലയിൽ തീർത്ഥാടക പ്രവാഹം. നാളെയാണ് അയ്യപ്പ സ്വാമിക്കു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. തിരക്കു നിയന്ത്രിക്കാനായി തീർഥാടക വാഹനങ്ങൾ തിങ്കളാഴ്ച രാത്രി നിലയ്ക്കലിൽ തടഞ്ഞു. രാത്രി 11ന് ഹരിവരാസനം ചൊല്ലി നട അടച്ച ശേഷവും പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മധ്യേ വരെ നീണ്ട സാഹചര്യത്തിലാണ് ചെറിയ നിയന്ത്രണം കൊണ്ടുവന്നത്. തീർഥാടകർ അറിയാത്ത വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പമ്പയിലെ പാർക്കിങ് മേഖലയിൽ വാഹനങ്ങൾ നിറഞ്ഞിരിക്കുകയാണ്.

പാർക്കിങ് ഇല്ലാത്തതിനാൽ വന്ന മുഴുവൻ വാഹനങ്ങളും നിലയ്ക്കലിൽ പാർക്കു ചെയ്യാനായിരുന്നു പൊലിസ് നിർദേശം. കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെട്ട് നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് ബസുകൾ പുറപ്പെടുന്നതും അര മണിക്കൂർ വീതം വൈകിപ്പിച്ചു. അതിനാൽ നിലയ്ക്കൽ നിന്നു തീർഥാടകർ പമ്പയിൽ എത്താൻ ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ സമയമെടുത്തു. ഇതുകാരണം സന്നിധാനത്തെ വലിയ തിരക്ക് കുറയ്ക്കാൻ പൊലീസിനു കഴിഞ്ഞു.