എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി നോക്കിയാലോ? പത്തിരിപൊടിയുണ്ടെങ്കിൽ ഈ ബ്രേക്ഫാസ്റ്റ് റെഡി.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി വറുത്തത്/ പത്തിരിപ്പൊടി- 1 കപ്പ്
- ചൂടുവെള്ളം- ഒന്നര കപ്പ്
- വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത്- അര കപ്പ്
- വെളുത്തുള്ളി- 4 എണ്ണം
- മുളകുപൊടി- ഒന്നര ടീസ്പൂൺ
- കടുക്- അര ടീസ്പൂൺ
- ഉണക്കമുളക്- 2 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പത്തിരി പൊടിയിലേക്ക് ഉപ്പ് ചേർക്കുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം കുറേശ്ശെയായി ഒഴിച്ച് നന്നായി ഇളക്കുക. ഒന്നു തണുത്താൽ വെളിച്ചെണ്ണ കൂടെ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. തേങ്ങ ചേർക്കുക. തേങ്ങ ഇഷ്ടമില്ലാത്തവർക്ക് അത് ഒഴിവാക്കുകയും ആവാം. കുഴച്ചു വച്ച മാവ് ചെറിയ ഉരുളകളാക്കിയെടുക്കുക. ശേഷം ആവി കയറ്റി വേവിച്ചെടുക്കുക. പത്തു മിനിറ്റ് വേവിക്കുക. മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ, മുളകുപൊടി, വെളുത്തുള്ളി, ഉപ്പ് എന്നിവ വെള്ളമൊഴിക്കാതെ ഒന്നു അടിച്ചെടുക്കുക. ഒരു പാൻ എടുത്ത്, വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി അതിലേക്ക് അരച്ചുവച്ച കൂട്ടും ചേർക്കുക. ഇതിലേക്ക് ആവിയിൽ വേവിച്ചുവച്ച അരികഷ്ണങ്ങളും ചേർത്തിളക്കി സ്റ്റൗ ഓഫ് ചെയ്യുക.