India

മണാലിയില്‍ കനത്ത മഞ്ഞുവീഴ്ച; ആയിരത്തോളം വാഹനങ്ങള്‍ കുടുങ്ങി, വിനോദ സഞ്ചാരികൾ മണിക്കൂറുകളോളം വാഹനങ്ങളിൽ

ഹിമാചല്‍ പ്രദേശിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മണാലിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ആയിരത്തോളം വാഹനങ്ങള്‍ കുടുങ്ങി. തിങ്കളാഴ്ച വീണ്ടും ആരംഭിച്ച മഞ്ഞുവീഴ്ചയെ തുടര്‍ന്നാണ് സോളാങ് പാസിനും അടല്‍ ടണലിനുമിടയില്‍ വാഹനങ്ങള്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളമാണ് വിനോദസഞ്ചാരികള്‍ക്ക് വാഹനങ്ങളില്‍ തന്നെ തുടരേണ്ടിവന്നത്. ഗതാഗതതടസ്സം മണിക്കൂറുകള്‍ നീണ്ടതോടെ വിനോദസഞ്ചാരികളുടെ സഹായത്തിനായി ഹിമാചല്‍ പൊലീസ് എത്തി. 700 വിനോദസഞ്ചാരികളെ പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മഞ്ഞുവീഴ്ചയ്ക്കിടയിലും പൊലീസ് വിനോദസഞ്ചാരികളെ സുരക്ഷിതമായി മാറ്റുന്നതിന്റേയും ഡ്രൈവര്‍മാര്‍ക്ക് വാഹനം കൊണ്ടുപോകാന്‍ ദിശ പറഞ്ഞുകൊടുക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൊലീസിനൊപ്പം പ്രാദേശികഭരണകൂടങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാനായാണ് ഇത്രയേറെ വിനോദസഞ്ചാരികള്‍ മഞ്ഞുപുതഞ്ഞ മണാലിയിലേക്ക് ഒഴുകിയെത്തിയത്. ഇതിനിടെയാണ് മണാലിയില്‍ വീണ്ടും മഞ്ഞുപെയ്യാന്‍ തുടങ്ങിയത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണ് മണാലിയില്‍ ഇപ്പോള്‍ മഞ്ഞുവീഴുന്നത്. ഡിസംബര്‍ എട്ടിനായിരുന്നു ഇതിന് മുമ്പ് മഞ്ഞുപെയ്തത്.