India

അല്ലു അര്‍ജുന്‍ പൊലീസ് സ്റ്റേഷനിൽ; ചോദ്യം ചെയ്യലിനായി ഹാജരായി

പുഷ്പ 2 സിനിമ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ പൊലീസിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പൊലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഉണ്ടായിരുന്നത്. സ്റ്റേഷന്റെ പരിസരത്തും അല്ലുവിന്റെ ആരാധകർ തമ്പടിച്ചിരിക്കുകയാണ്.

അസിസ്റ്റന്റെ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അല്ലു അര്‍ജുനെ ചോദ്യം ചെയ്യുന്നത്. സിനിമ റിലീസ് ചെയ്ത ദിവസം അപകടമുണ്ടായ സന്ധ്യ തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ തിയേറ്റര്‍ മാനേജ്‌മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നോ, തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ താരത്തിനോ അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍സ് ടീമിനോ പൊലീസിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിയും.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിലാണ് നടനെതിരെ കേസെടുത്തിട്ടുള്ളത്. ഡിസംബര്‍ 4നു ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം. ഡിസംബര്‍ 13ന് അറസ്റ്റിലായ താരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് വിട്ടയയ്ക്കുകയായിരുന്നു. താൻ കേസന്വേഷണത്തിന് പൂർണമായും സഹകരിക്കുമെന്നും നിയമത്തെ ബഹുമാനിക്കുന്നുവെന്നും ജയിൽ മോചിതനായതിന് ശേഷം അല്ലു അർജുൻ പറഞ്ഞിരുന്നു.