ആപ്പിളിന് അധികം വേവില്ലാത്തതു കൊണ്ട് വളരെ പെട്ടെന്ന് അച്ചാർ തയ്യാറാക്കാം. വെള്ള മയമില്ലാത്ത പാത്രം ഉപയോഗിക്കാൻ മറക്കേണ്ട. അച്ചാറിൽ ചേർക്കാൻ നല്ലെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. അധിക നാൾ കേടുകൂടാതെ ഇരിക്കാൻ ആപ്പിൾ അച്ചാർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ചേരുവകൾ
- ഗ്രീൻ ആപ്പിൾ- 2
- എണ്ണ- 1/2 കപ്പ്
- കടുക്- 1/2 ടീസ്പൂൺ
- ഇഞ്ചി- 2 ഇഞ്ച്
- വെളുത്തുള്ളി- 1/4 കപ്പ്
- പച്ചമുളക്- 2
- കറിവേപ്പില- 2
- മഞ്ഞള്പൊടി- 1/4 ടീസ്പൂൺ
- മുളകുപൊടി- 1 ടേബിൾസ്പൂൺ
- കാശ്മീരിമുളകുപൊടി- 3 ടേബിൾസ്പൂൺ
- കായപ്പൊടി- 1/2 ടീസ്പൂൺ
- ഉപ്പ്- 2 ടീസ്പൂൺ
- വിനാഗിരി- 6 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- രണ്ട് ഗ്രീൻ ആപ്പിൾ കഴുകി വൃത്തിയാക്കി വെള്ള മയം ഇല്ലാതെ തുടച്ചെടുക്കുക.
- തൊലി കളയാതെ തന്നെ ആപ്പിൾ ഒരേ വണ്ണത്തിലും വീതിയിലും അരിഞ്ഞെടുക്കുക.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അര കപ്പ് നല്ലെണ്ണ ചേർത്ത് ചൂടാക്കുക.
- അര ടീസ്പൂൺ കടുകും, അര ടീസ്പൂൺ ഉലുവയും ചേർക്കുക.
- രണ്ട് ഇഞ്ച് നീളമുള്ള ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയത്, കാൽ കപ്പ് വെളുത്തുള്ളി അല്ലി, രണ്ട് പച്ചമുളക് അരിഞ്ഞത്, രണ്ട് തണ്ട് കറിവേപ്പില എന്നിവ ചേർത്ത് രണ്ട് മിനിറ്റ് ഇളക്കുക.
- തീ കുറച്ചു വച്ച് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ മുളകുപൊടി, മൂന്ന് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- ആപ്പിൾ കഷ്ണങ്ങളും രണ്ട് ടീസ്പൂൺ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക.
- ആപ്പിൾ വാടി തുടങ്ങുമ്പോൾ ആറ് ടേബിൾസ്പൂൺ വിനാഗിരി ചേർത്തിളക്കുക.
- ഉടൻ തന്നെ അടുപ്പിൽ നിന്ന് മാറ്റുക. ചൂടാറിയതിനു ശേഷം വൃത്തിയുള്ള ഈർപ്പമില്ലാത്ത പാത്രത്തിലേക്കു മാറ്റി സൂക്ഷിക്കുക.
content highlight: green-apple-pickle-recipe