Kerala

സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ് കയറി, ഇത്തവണ കയറിയത് അസി. എഞ്ചിനീയറുടെ ഓഫീസിൽ

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പ് കയറി. പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലാണ് പാമ്പ് കയറിയത്. പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു സംഭവം. ജീവനക്കാർ പരിഭ്രാന്തരായതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്യത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊന്നു. പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച സെക്രട്ടറിയേറ്റിലെ മെയിൻ ബ്ലോക്കിൽ ജലവിഭവ വകുപ്പിനും-സഹകരണ വകുപ്പിനുമിടയിൽ പാമ്പിനെ കണ്ടിരുന്നു. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും അന്ന് സാധിച്ചിരുന്നില്ല.