Kerala

ചോദ്യപേപ്പർ ചോർച്ച; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്

ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു ഷുഹൈബിനോട് ക്രൈം ബ്രാഞ്ച് സംഘത്തിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. മറ്റന്നാൾ ഹാജരാകാമെന്നാണ് അധ്യാപകർ അന്വേഷണ സംഘത്തെ നിലവിൽ അറിയിച്ചിരിക്കുന്നത് . ഷുഹൈബിനെ കസ്റ്റഡിയിൽ എടുക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 31-ലേക്ക് മാറ്റി.

ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും.രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ ഉൾപ്പടെയുള്ളവും രേഖകളും സംഘം പരിശോധിച്ചു. നിലവിൽ ഷുഹൈബ് ഉൾപ്പടെ ഏഴു പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തട്ടിപ്പ് ഉൾപ്പടെ ഏഴു വകുപ്പുകൾ ചുമത്തിയാണ് നിലവിൽ പ്രാഥമിക അന്വേഷണം നടത്തുന്നത്.