Kerala

സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 193 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് NQAS

സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം കിട്ടി. 3 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം 90.60 ശതമാനം സ്‌കോറും, പാലക്കാട് ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം 90.15 ശതമാനം സ്‌കോറും, വയനാട് വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം 89.70 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

കാസര്‍ഗോഡ് നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം 95.18 ശതമാനം സ്‌കോര്‍ നേടിയാണ് വീണ്ടും അംഗീകാരം നേടിയെടുത്തത്.ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ 193 എന്‍.ക്യു.എ.എസ്. അംഗീകാരവും 83 പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 132 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.

CONTENT HIGHLIGHTS; National Quality Accreditation for four more hospitals in the state: NQAS for a total of 193 health institutions