Honey dipper and honeycomb on table
മധുരമുള്ള ഒരു പാനീയം, അത് മാത്രമല്ല തേൻ. തേനിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ദൈനം ദിന ജീവിതത്തിലെ ചില പ്രശ്നങ്ങളും ഇല്ലാതാകാൻ തേൻ സഹായിക്കും….പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയാണ് തേന്‍….
ദിവസവും രാവിലെ തേൻ കഴിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആയുർവേദ പ്രകാരം, വെറും വയറ്റിൽ തേൻ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും രാവിലെ വെറും വയറ്റിൽ തേൻ കഴിച്ചാലുള്ള അദ്ഭുത ഗുണങ്ങൾ അറിയാം.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
വെറും വയറ്റിൽ തേൻ കഴിച്ചാലുള്ള പ്രധാന നേട്ടം രോഗപ്രതിരോധ ശേഷി വർധിക്കുന്നുവെന്നതാണ്. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ തേൻ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധശേഷി വർധിപ്പിച്ച് ജലദോഷവും പനിയും കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണത്തിൽ പതിവായി തേൻ ഉൾപ്പെടുത്തുന്നതിലൂടെ അണുബാധകൾ ചെറുക്കുന്നു.
ദഹനത്തെ സഹായിക്കുന്നു
ദഹന ആരോഗ്യത്തിനും തേൻ ഏറെ നല്ലതാണ്. ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. തേൻ അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. തേൻ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആമാശയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ചർമ്മ ആരോഗ്യം
ചർമ്മത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ തേൻ സഹായിക്കും. മോയ്സ്ച്യുറൈസിങ് ഗുണങ്ങൾക്ക് പേരുകേട്ട തേൻ ചർമ്മത്തിൽ ഈർപ്പവും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു, വിവിധ ചർമ്മ പ്രശ്നങ്ങൾ എന്നിവ തടയുന്നു. വെറും വയറ്റിൽ കഴിക്കുമ്പോൾ, വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ഊർജം നൽകുന്നു
തേൻ നല്ലൊരു ഊർജ സ്രോതസാണ്. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത പഞ്ചസാരകൾ ഇതിൽ നിറഞ്ഞിരിക്കുന്നു, ഇത് വേഗത്തിൽ ഊർജം നൽകും. പ്രഭാതഭക്ഷണത്തിന് മുമ്പ് തേൻ കഴിക്കുന്നതിലൂടെ ഉപാപചയപ്രവർത്തനം കുതിച്ചുയരുകയും വരുംദിവസത്തെ നേരിടാൻ ആവശ്യമായ ഊർജം നൽകുകയും ചെയ്യും. അത്‌ലറ്റുകൾക്കോ സജീവമായ ജീവിതശൈലി നയിക്കുന്ന ഏതൊരാൾക്കും ഇത് പ്രയോജനകരമാണ്. കാരണം മധുരമുള്ള എനർജി ഡ്രിങ്കുകൾക്ക് തേൻ ആരോഗ്യകരമായ ഒരു ബദലാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
തേനിന് ശരീരഭാരം കുറയ്ക്കാൻ കഴിയും. മിതമായ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി നിയന്ത്രിക്കാനും തേൻ സഹായിക്കും. തേനിന് ഉപാപചയപ്രവർത്തനത്തെ പുനരുജീവിപ്പിക്കാനും കൊഴുപ്പ് എരിച്ചു കളയാൻ ശരീരത്തെ സഹായിക്കാനും കഴിയും. പ്രഭാത ദിനചര്യയിൽ തേൻ ഉൾപ്പെടുത്തുന്നത് ശരീര ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും.
തേൻ കഴിക്കുന്നതിനുള്ള മാർഗം
ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ തേൻ കലർത്തി കുടിക്കാം. അതല്ലെങ്കിൽ തേൻ നാരങ്ങ നീരുമായി ചേർത്ത് ഉന്മേഷദായകമായ ഡിറ്റോക്സ് പാനീയം തയ്യാറാക്കി കുടിക്കാം.
content highlight: health-benefits-of-eating-honey