Kerala

നരേന്ദ്രമോദിയുടേത് രാഷ്ട്രീയ കാപട്യം: ഫാ. സ്റ്റാന്‍ സ്വാമിക്ക് കുടിവെള്ളം പോലും കൊടുക്കാന്‍ കൂട്ടാക്കാത്ത ഭരണമാണ് സംഘപരിവാര്‍ നടത്തുന്നത്

ഡല്‍ഹിയില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് (സി.ബി.സി.ഐ) ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് രാഷ്ട്രീയ കാപട്യത്തിന്റെ നാടകമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡല്‍ഹിയില്‍ പ്രധാനമന്ത്രി കര്‍ദിനാള്‍മാരോടും ബിഷപ്പുമാരോടും ക്രിസ്തുവിനെ കുറിച്ചും സ്നേഹത്തെ കുറിച്ചും പ്രഘോഷിക്കുമ്പോള്‍ കേരളത്തിലെ നല്ലേപ്പിള്ളിയില്‍ അദ്ദേഹത്തിന്റെ സംഘബന്ധുക്കള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ താറുമാറാക്കുകയും ക്രിസ്തുനിന്ദ നടത്തുകയുമായിരുന്നു.

അഫ്ഗാന്‍, യമന്‍ തടവറകളില്‍ നിന്നും ക്രിസ്തീയ പുരോഹിതരെ മോചിപ്പിച്ചതിനേക്കുറിച്ച് വാചാലനാകുന്ന മോദി ഇന്ത്യന്‍ തടവറയില്‍ പീഡിപ്പിക്കപ്പെട്ടു മരിച്ച ഫാ. സ്റ്റാന്‍ സ്വാമിയെപ്പറ്റി ഇന്നോളം ഒരുവാക്ക് മിണ്ടിയിട്ടില്ല. ആദിവാസികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിക്ക് കുടിവെള്ളം പോലും കൊടുക്കാന്‍ കൂട്ടാക്കാത്ത ഭരണമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇന്ത്യയിലെമ്പാടും ക്രിസ്ത്യന്‍ പള്ളികളും കന്യാസ്ത്രീ മഠങ്ങളും ശ്മശാനങ്ങളും ആക്രമിക്കപ്പെടുന്നതിനെ കുറിച്ചും അര്‍ഥപൂര്‍ണമായ മൗനമാണ് ബിജെപി ഭരണകൂടം പുലര്‍ത്തുന്നത്.

‘ക്രിസ്ത്യാനികള്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്ക’ളാണെന്ന് പഠിപ്പിക്കുന്ന വിചാരധാര പിന്തുടരുന്നവരാണ് നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സംഘബന്ധുക്കളും. രാഷ്ട്രീയ കൗശലം മൂലം അവര്‍ എന്തെല്ലാം പറഞ്ഞാലും മതന്യൂനപക്ഷങ്ങളുടെ മനസ്സില്‍ നിന്നും ഭീതിയുടെ നിഴല്‍ മാഞ്ഞുപോവില്ല.

വര്‍ഗീയ സംഘര്‍ഷം കൊടുമ്പിരി കൊള്ളുമ്പോള്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും പരസ്പരം കൊല്ലുന്ന മണിപ്പൂരിലേക്ക് പത്തൊന്‍പത് മാസമായി പ്രധാനമന്ത്രി മോദി പോയിട്ടേയില്ല. സിബിസിഐ ആസ്ഥാനത്ത് അദ്ദേഹം വാരിച്ചൊരിഞ്ഞ വാക്കുകളില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ ക്രിസ്തുമസ് കാലത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി അദ്ദേഹം പോകേണ്ടത് മണിപ്പൂരിലേക്കാണ്. അതിന് പ്രധാനമന്ത്രി തയ്യാറുണ്ടോ എന്നും ബിനോയ് വിശ്വം ചോദിച്ചു.

CONTENT HIGHLIGHTS;Narendra Modi’s political hypocrisy: Fr. The Sangh Parivar is running an administration that does not even give drinking water to Stan Swamy