India

അരി മോഷ്ടിച്ചു എന്നാരോപണം; ദളിത് മധ്യവയസ്കനെ അടിച്ചുകൊന്നു

ഛത്തീസ്‍​ഗഡിലെ റായ്ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് മധ്യവയസ്കനെ അടിച്ചുകൊന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പഞ്ച്‌റാം സാർഥി (50) കൊല്ലപ്പെട്ടത്. കേസിൽ വിരേന്ദ്ര സിദാർ, അജയ് പർധാൻ, അശോക് പർധാൻ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. അരി മോഷ്ടിച്ച് ആരോപിച്ച് മുഖ്യപ്രതിയായ വിരേന്ദ്ര സിദാറും അയൽക്കാരായ അജയ്‌യേയും അശോകിനെയും കൂട്ടി പഞ്ച്‌റാമിനെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് കിടന്ന ഇയാളെ പിന്നീട് പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതികൾ സാർത്തിയെ മുളവടികൾ കൊണ്ട് മർദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.