Kerala

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രിയുടെ നിർദേശം

എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

തൃക്കാക്കര കെ എം എം കോളജിൽ നടന്ന എൻസിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ക്യാമ്പ് രണ്ട് ദിവസത്തെ അവധി നൽകിയതിനുശേഷം ക്രിസ്മസ് പിറ്റേന്ന് പുനരാരംഭിക്കുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. എൻ.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ സ്കൂൾ/കോളേജ് കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പാണ് നടക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.