തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെ ഭേദഗതിക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത പുനഃസ്ഥാപിക്കാൻ സുപ്രിംകോടതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർജി നൽകിയ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ജയറാം രമേശ് പറഞ്ഞു. അത് പുനഃസ്ഥാപിക്കാൻ സുപ്രിംകോടതി സഹായിക്കുമെന്നാണ് പ്രതീക്ഷ. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ഏകപക്ഷീയമായും പൊതുജനാഭിപ്രായമില്ലാതെയും സുപ്രധാന നിയമം ഇത്ര നാണംകെട്ട രീതിയിൽ ഭേദഗതി ചെയ്യാൻ അനുവദിക്കാനാവില്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിയമ മന്ത്രാലയം 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ ചട്ടം 93 (2) (എ) ഭേദഗതി ചെയ്തത്. പുതിയ ഭേദഗഗതി അനുസരിച്ച് നാമനിർദേശ പത്രികകൾ, പോൾ ഏജൻറുമാരുടെ നിയമനങ്ങൾ, ഫലങ്ങൾ, ചട്ടങ്ങളിൽ പരാമർശിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് അക്കൗണ്ട് സ്റ്റേറ്റ്‌മെൻറുകൾ തുടങ്ങിയ രേഖകൾ മാത്രമാണ് പൊതുജനങ്ങൾക്ക് ലഭ്യമാകുക. സിസിടിവി ദൃശ്യങ്ങൾ, വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ട കാലയളവിൽ സ്ഥാനാർഥികളുടെ വിഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഇലക്ട്രോണിക് രേഖകൾ സ്ഥാനാർഥികൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. മറ്റുള്ളവർക്ക് ഇവ വേണമെന്നുണ്ടെങ്കിൽ കോടതിയെ സമീപിക്കണം. ഇലക്ട്രോണിക് രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ വേണ്ടിയാണ് ഭേദഗതി കൊണ്ടുവന്നതെന്നാണ് കേന്ദ്ര സർക്കാർ വാദം.