Sports

ജോഷിത വി.ജെ അണ്ടര്‍ 19 വേള്‍ഡ് കപ്പ് ടീമില്‍; മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്ലയ്ക്കും പിന്നാലെ വയനാട്ടില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക്

വനിതാ ക്രിക്കറ്റിലെ വയനാടന്‍ താരോദയം ജോഷിത വി.ജെ ഐ.സി.സി അണ്ടര്‍ 19 T20 വേള്‍ഡ് കപ്പ് ടീമില്‍ ഇടം നേടി. 2025 ജനുവരിയില്‍ മലേഷ്യയില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്ലയ്ക്കും പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള പുത്തന്‍ താരോദയം കൂടിയാണ് ജോഷിത. ജനുവരി 19 ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആണ് ഇന്ത്യയുടെ ആദ്യ എതിരാളി. അടുത്തിടെ ജേതാക്കളായ പ്രഥമ അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിലും ജോഷിത അംഗമായിരുന്നു. വരാനിരിക്കുന്ന വനിതാ പ്രീമിയര്‍ ലീഗിലെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് ടീം അംഗം കൂടിയാണ് ജോഷിത. കല്‍പ്പറ്റ സ്വദേശിയായ ജോഷിത കഴിഞ്ഞ 7 വര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. കേരളത്തിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ കൂടിയാണ് ജോഷിത. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. കല്‍പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.

അണ്ടര്‍ 19 T20 വേള്‍ഡ് കപ്പ് ടീം അംഗങ്ങള്‍ – നിക്കി പ്രസാദ് ( ക്യാപ്റ്റന്‍), സനിക ചക്ലെ, ജി.ത്രിഷ, കമാലിനി ജി.( വൈസ് ക്യാപ്റ്റന്‍), ഭാവിക അഹിരെ, ഈശ്വരി അവസരെ, ജോഷിത വി.ജെ, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിതാ കിഷോര്‍, എം.ടി ശബ്‌നം, വൈഷ്ണവി എസ്.