Sports

വിജയ് മര്‍ച്ചന്റ് ട്രോഫി : കേരളം – ആന്ധ്ര മത്സരം സമനിലയില്‍

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ആന്ധ്രയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. 186 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ കേരളം, ഒരു വിക്കറ്റിന് നാല് റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സിന് അവസാനിച്ചിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ആന്ധ്ര മൂന്ന് വിക്കറ്റിന് 84 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടര്‍ന്ന കേരളത്തിന് ലീഡ് വഴങ്ങുന്നത് ഒഴിവാക്കാനായില്ല. 14 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന ഇഷാന്‍ കുനാലിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാല്‍ 41 റണ്‍സെടുത്ത ഇഷാന്‍ കുനാല്‍ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് അധികം നീണ്ടില്ല. 177 റണ്‍സിന് കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. ഇഷാന്‍ കുനാല്‍ 41ഉം ദേവഗിരി 16 റണ്‍സും നേടി. 24 റണ്‍സെടുത്ത തോമസ് മാത്യുവും 22 റണ്‍സെടുത്ത ഇഷാന്‍ രാജുമാണ് കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച മറ്റ് ബാറ്റര്‍മാര്‍. ആന്ധ്രയ്ക്ക് വേണ്ടി ടി തേജ മൂന്നും തോഷിത് യാദവ്, ഭാനു സ്വരൂപ്, രോഹന്‍ ഗണപതി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര അതിവേഗം 84 റണ്‍സ് സ്‌കോര്‍ ചെയ്ത് ഡിക്ലയര്‍ ചെയ്തു. അബ്ദുള്‍ ബാസിദ് 3 വിക്കറ്റുകള്‍ വീഴ്ത്തി. രോഹന്‍ ഗണപതി 43 പന്തില്‍ 50 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം പന്തില്‍ തന്നെ ലെറോയ് ജോക്വിന്‍ ഷിബുവിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ഒരോവര്‍ പൂര്‍ത്തിയായതോടെ വെളിച്ചക്കുറവിനെ തുടര്‍ന്ന് കളി അവസാനിക്കുകയായിരുന്നു.