Kerala

30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച് വ്യാഴാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമായി. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

പ്രാരംഭ ശൈശവ കാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കിയത്. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികള്‍ എത്തുന്ന ഇടമാണ് അങ്കണവാടികള്‍. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. സ്ഥല പരിമിതി അനുസരിച്ച് 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകള്‍ക്ക് അനുയോജ്യമായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികളില്‍ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആര്‍കെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ. എന്നീ ഫണ്ടുകള്‍ സംയുക്തമായി വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കിയത്.

ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, രജിസ്ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.പി.മാരായ കെ. സുധാകരന്‍, ഷാഫി പറമ്പില്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എ.മാരായ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെപി മോഹനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി.കെ. മധുസൂദനന്‍, എം. വിജിന്‍, കെ.വി. സുമേഷ് മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.