Food

ഓവൻ ഇല്ലെന്നോർത്തു വിഷമിക്കേണ്ട; ക്രിസ്മസ് പ്ലം കേക്ക് ഇനി ഇങ്ങനെ തയ്യാറാക്കാം

ഒരു ക്രിസ്മസ് സ്പെഷ്യൽ പ്ലം കേക്ക് തയ്യാറാക്കാം. പലരുടെയും വിഷമം ഓവൻ ഇല്ലാതെ എങ്ങനെ കേക്ക് തയ്യാറാക്കും എന്നാണ്. എന്നാൽ ഈ കേക്ക് തയ്യാറാക്കാൻ ഓവൻ വേണ്ട.

ആദ്യം മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക, കൂടെ നാല് ഏലക്കായ, നാല് ഗ്രാമ്പു, ഒരു കഷണം കറുകപ്പട്ട എന്നിവയും ചേർത്ത് നന്നായി പൊടിച്ചെടുക്കാം. ഇതിൽ നിന്നും പകുതിയെടുത്ത് ഒരു പാനിലേക്ക് ഇട്ട് കാരമലൈസ് ചെയ്യുക. ശേഷം അര കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. നന്നായി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് ഡ്രൈ ഫ്രൂട്ട്സ് ഇട്ടുകൊടുക്കാം. തിളപ്പിച്ചതിനുശേഷം മാറ്റിവയ്ക്കാം. മിക്സിയിലെ ബാക്കിയുള്ള പഞ്ചസാരയിലേക്ക് രണ്ടു മുട്ട ചേർത്തുകൊടുക്കുക. മുക്കാൽ ടീസ്പൂൺ വാനില എസൻസ് കാൽ കപ്പ് സൺഫ്ലവർ ഓയിൽ ഇവയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഡ്രൈ ഫ്രൂട്ട്സും പഞ്ചസാര മിക്സും ഒരു ബൗളിൽ യോജിപ്പിക്കാം. ഇതിലേക്ക് ഒരു കപ്പ് മൈദ, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, 1/4 ടീസ്പൂൺ ഉപ്പ് എന്നിവ അരിച്ചു ചേർക്കാം. ഇനി ഇത് നന്നായി യോജിപ്പിച്ചു കൊടുക്കുക. ശേഷം ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് കുറച്ച് ചേർക്കാം. കുറച്ച് നട്സ് കൂടി ചേർത്ത് മിക്സ് ചെയ്തശേഷം കേക്ക്‌ ടിനിലേക്ക് മാറ്റാം.ശേഷം അരമണിക്കൂർ കുക്ക് ചെയ്തു എടുക്കാം.