Alappuzha

വാക്സിൻ കുത്തിവെച്ചതിലെ പിഴവ്: കാലിലെ പഴുപ്പ് നിയന്ത്രിക്കാൻശസ്ത്രക്രിയ വേണ്ടിവന്നെന്ന് പരാതി | vaccine-issue

തുടയിലെ പേശികളിൽ എടുക്കേണ്ട കുത്തിവെപ്പ് കാൽ മുട്ടിനോട് ചേർന്ന് തെറ്റായ രീതിയിൽ എടുത്തതായാണ്​ കണ്ടെത്തൽ

മുഹമ്മ: രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ വാക്സിൻ കുത്തിവെച്ചതിലെ പിഴവിനെത്തുടർന്ന് കാലിലെ പഴുപ്പ് നിയന്ത്രിക്കാൻ ശസ്ത്രക്രിയ വേണ്ടിവന്നതായി പരാതി. മുഹമ്മ പഞ്ചായത്ത് 11ാം വാർഡ് സുലോഭവനിൽ വിഷ്ണുദാസ്-ആര്യ സന്തോഷ് ദമ്പതികളുടെ മകൻ റിധാനാണ്​ (മൂന്ന് മാസം) ശസ്ത്രക്രിയയും തുടർന്നുള്ള വേദനയും ദുരിതവും സഹിക്കേണ്ടിവന്നത്.

വാക്സിന്റെ ആദ്യ ഡോസ് മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് എടുത്തത്. രണ്ടാം ഡോസ്​ സബ്​സെന്‍ററിലും. ഇവിടെവെച്ച്​ തുടയിലെ പേശികളിൽ എടുക്കേണ്ട കുത്തിവെപ്പ് കാൽ മുട്ടിനോട് ചേർന്ന് തെറ്റായ രീതിയിൽ എടുത്തതായാണ്​ കണ്ടെത്തൽ. ഇതുമൂലം പഴുപ്പ് വ്യാപിക്കുകയായിരുന്നു. കുഞ്ഞിന്​ അടിയന്തര ശസ്ത്രക്രിയയും വേണ്ടിവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഒരുമാസത്തെ ചികിത്സക്കുശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇപ്പോഴും മരുന്നുകൾ തുടരുകയാണ്. മൂന്നേകാൽ ലക്ഷം രൂപയും ചെലവായി.

ഇതിനിടെ മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷാകർത്താക്കളെ ആശുപത്രിയിൽ വിളിച്ച് കൂടിയാലോചന നടത്തി. തുടർന്ന് ഒരു നടപടിയും കാണാതെ വന്നപ്പോഴാണ്​ ഡി.എം.ഒയെ വിവരം അറിയിച്ചത്​. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി പി. പ്രസാദ് എന്നിവർക്കും പരാതി നൽകിയതായി കുടുംബം അറിയിച്ചു.

 

content highlight : vaccine-issue-baby-needed-surgery-to-control-the-pus-on-leg