India

ആരാണ് കേരളത്തിന്റെ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ | Rajendra Arlekar?

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറിനെ ചുമതലപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേകര്‍ ഉടന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലേകര്‍ കറകളഞ്ഞ ആര്‍എസ്എസ്സുകാരനാണ്.

ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്‌വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2014ല്‍ മനോഹര്‍ പരീക്കര്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിതനായപ്പോള്‍ ആര്‍ലേക്കറിനെ ഗോവ മുഖ്യമന്ത്രിയായി പരിഗണിച്ചിരുന്നു.

ഏറ്റവും അവസാനഘട്ടത്തിലാണ് ലക്ഷ്മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി നിയമിച്ചത്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവര്‍ണറായി നിയമിതനായി.