World

ഇന്ന് ക്രിസ്മസ്; വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാൻസിസ് മാർപാപ്പ തുറന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിനും ഇതോടെ തുടക്കമായി. ബത്ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാർത്ഥനകൾ നടന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

എറണാകുളം സെന്റ് ഫ്രാൻസിസ് കത്തീഡ്രലിൽ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തിരുപിറവി ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. ലത്തീൻ കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപതാ മേജർ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷകൾ.