Tech

ഒറ്റ നോട്ടം കൊണ്ട് വാതിലിന്റെ പൂട്ട് തുറക്കാം..; ആപ്പിളിന്റെ പുതിയ കണ്ടുപിടുത്തം.. | apples face id smart doorbell

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ വാതിലുകളുടെ പൂട്ടുമായി വയർ രഹിതമായി ബന്ധിപ്പിച്ച് ആയിരിക്കും ഈ സംവിധാനം

വീട് പൂട്ടി പുറത്തുപോയിട്ട് തിരിച്ചു വന്നാൽ താക്കോൽ കൊണ്ട് കളയുന്ന പ്രകൃതം പലർക്കും ഉണ്ടാകും. താക്കോൽ കളയുന്നതിൽ നിന്നും മോചനമായിട്ടാണ് പലരും നമ്പർ ലോക്ക് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ ഇനി ഒറ്റനോട്ടത്തിൽ പൂട്ട് തുറക്കുന്ന വിദ്യ വികസിപ്പിക്കുകയാണ് ആപ്പിൾ കമ്പനി. ഐഫോണുകളിലും മറ്റും കാണുന്ന ഫെയ്സ് ഐഡി എന്ന് അറിയപ്പെടുന്ന ആപ്പിൾ കമ്പനി വികസിപ്പിച്ച മുഖം ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം വീടുകളുടെയും ഓഫീസുകളുടെയും ഒക്കെ ഡോർബെല്ലിലേക്ക് എത്തുമെന്നാണ് ബ്ലൂംബർഗ് പറയുന്നത്. നിലവിൽ തകർത്തുവാഴുന്ന ആമസോൺ റിംഗ്. ഗൂഗിൾ നെസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾക്ക് എല്ലാം വെല്ലുവിളി ആയിട്ടായിരിക്കും ആപ്പിൾ കമ്പനിയുടെ ഈ പരീക്ഷണം എത്തുക.

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ വാതിലുകളുടെ പൂട്ടുമായി വയർ രഹിതമായി ബന്ധിപ്പിച്ച് ആയിരിക്കും ഈ സംവിധാനം. ഐഫോൺ അൺലോക്ക് ചെയ്യുന്നത് പോലെ തന്നെ ഫെയ്സ് ഐഡി നൽകിയിരിക്കുന്ന ആളുകൾ നോക്കുമ്പോൾ വാതിലിന്റെ ലോക്ക് തുറക്കുന്ന രീതി ആയിരിക്കും ഇതെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

സാങ്കേതികവിദ്യ വളർന്നുകൊണ്ടിരിക്കുമ്പോൾ ഇതൊക്കെ ചെറുത് എന്ന് വിശേഷിപ്പിച്ചാലും വരുംനാളുകളിൽ എല്ലാവരുടെയും ഡോർബെല്ലിൽ ഇവയൊക്കെ കാണാൻ കഴിയും എന്നാണ് കരുതുന്നത്. വീടുകളിലെ സ്മാർട്ട് ഉപകരണങ്ങളെ വോയിസ് കമാൻഡ് അടക്കം ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഹോം ഹബ്ബ് ആപ്പിൾ പുറത്തിറക്കും എന്ന് നേരത്തെ പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായിരിക്കാം ഫെയ്‌സ്‌ഐഡി അടക്കം ഉള്ള ഡോർബെല്ലും സുരക്ഷാ ക്യാമറയും എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്

ആപ്പിള്‍ നിര്‍മ്മിച്ചു വന്ന സ്മാര്‍ട്ട് കാര്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതും, കമ്പനിയുടെ ആദ്യ എആര്‍ ഹെഡ്‌സെറ്റായ വിഷന്‍ പ്രോയ്ക്ക് ആരംഭത്തില്‍ ലഭിച്ച സ്വീകരണം തണുത്തതും, പുതിയ വഴികളില്‍ ചിന്തിക്കാന്‍ പ്രേരകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കമ്പനിയുടെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയ എയര്‍പോഡ്‌സിന് ആരോഗ്യ പരിപാലന ഫീച്ചറുകള്‍ നല്‍കാനും കമ്പനി ശ്രമിച്ചേക്കുമെന്നും ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പറയുന്നു.

ലോകത്തെ ആദ്യത്തെ 4 ട്രില്ല്യന്‍ ഡോളര്‍ മുല്ല്യമുള്ള കമ്പനി എന്ന കീര്‍ത്തി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് റോയിട്ടേഴ്‌സ്. നിര്‍മ്മിത ബുദ്ധി (എഐ) ഉള്‍ക്കൊള്ളിച്ചിറക്കിയ ഐഫോണ്‍ 16 സീരിസ് കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് വീണ്ടും നിക്ഷേപകരില്‍ ഉണര്‍വ് പകര്‍ന്നു എന്നാണ് അനുമാനം. നിലവിലെ മൂല്ല്യം 3.85 ട്രില്ല്യന്‍ ഡോളറാണ്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ എന്നീ കമ്പനികളാണ് ആപ്പിളിനു പിന്നിലുള്ളത്.

CONTENT HIGHLIGHT: apples face id smart doorbell