ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ സമീകൃത ആഹാരമാണ് പാല്. ദിവസവും പാല് കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ നൽകാൻ സഹായിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പൊതുവേ കുട്ടികൾക്കാണ് നമ്മൾ പാല് കൂടുതലും കൊടുക്കാറുള്ളത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പാല് കുടിക്കുന്നത് കൊണ്ട് വളരെ ഗുണങ്ങൾ ഉണ്ട്. ഡിസംബർ മാസം എന്ന് പറഞ്ഞാൽ ശൈത്യകാലം തന്നെയാണ്. ഈ കാലത്ത് ജലദോഷം, ചുമ, പനി പോലെയുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ദിവസവും കുടിക്കുന്ന പാലിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ അത് ഇവയിൽ നിന്നും രക്ഷിക്കാനുള്ള പ്രതിരോധശക്തി നമുക്ക് നൽകുമെന്നാണ് പറയുന്നത്. ആ ടിപ്പുകൾ ഒന്നു നോക്കാം…
ജാഗിരി
പാലിനൊപ്പം പഞ്ചസാരയ്ക്ക് പകരം ജാഗിരി അഥവാ പനഞ്ചക്കര ചേർത്തു കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ചേർക്കുമ്പോൾ പാലിനു മധുരം ഉണ്ടാകുമെന്ന് മാത്രമല്ല, ഊർജ്ജവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പാലിന്റെ പോഷകമൂല്യം ഇരട്ടിയാക്കും.
ഈന്തപ്പഴം
ഈന്തപ്പഴം എല്ലാവർക്കും ഇഷ്ടമാണ്. രോഗപ്രതിരോധശേഷിയുടെ ഒരു ശക്തി കേന്ദ്രം കൂടിയാണ് ഈന്തപ്പഴം എന്ന് പറയുന്നത്. രാത്രി ഉറങ്ങുന്നതിനു മുൻപ് ചൂടുപാലിൽ ഈന്തപ്പഴം ചേർത്ത് കഴിക്കുന്നത് ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നതിനോട് ഒപ്പം തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ തൊണ്ടവേദന കുറയ്ക്കുകയും ജലദോഷത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുകയും ശരീരത്തെ അകത്തുനിന്ന് ചൂടാക്കാനും ഇത് സഹായിക്കുന്നു.
ബദാം
പൊതുവേ എല്ലാവരും പാലിൽ ചേർത്ത് കഴിക്കുന്ന ഒന്നാണ് ബദാം. പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫൈബർ, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവയാണ് ബദാമിൽ ഉള്ളത്. ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ബദാം വെള്ളത്തിൽ കുതിർത്തതിനു ശേഷം അരച്ച് പേസ്റ്റ് ആക്കി ചെറുചൂടുള്ള പാലിൽ ചേർത്ത് കുടിക്കുക.
മഞ്ഞൾ
മഞ്ഞളിന്റെ ഗുണം പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മഞ്ഞൾ ആന്റിവൈറൽ, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഫംഗൽ, ആന്റിസെപ്റ്റ് ഗുണങ്ങൾ ഉള്ള ഒന്നാണ്. ചെറു ചൂടുള്ള പാലിൽ അല്പം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ജലദോഷത്തെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. പ്രത്യേകിച്ച് ശൈത്യകാലങ്ങളിൽ രാത്രി ഉറങ്ങുന്നതിനു മുൻപ് പാലിൽ മഞ്ഞൾ ചേർത്തു കഴിക്കുന്നത് വളരെ നല്ലതാണ്.
ജാതിക്ക
പാലിൽ ഒരു നുള്ള് ജാതിക ചേർത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിൽ വിറ്റമിൻ എ, സി എന്നിവയും കാൽസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം അണുബാധകളെ അകറ്റിനിർത്താനും ഇത് സഹായിക്കുന്നു.
ഈ തണുപ്പുകാലത്ത് വരാൻ സാധ്യതയുള്ള എല്ലാ രോഗങ്ങളെയും മാറ്റി നിർത്തി പ്രതിരോധശേഷി കുറച്ചു കൂടുതൽ വർധിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ പറഞ്ഞ ഏതെങ്കിലും രീതിയിൽ ചെറു ചൂടു പാൽ കുടിക്കുന്നത് വളരെ നല്ലതായിരിക്കും.
CONTENT HIGHLIGHT: healthy milk drinks immunity