World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 15 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ അടക്കമാണ് കൊല്ലപ്പെട്ടത്. ബർമാലിലെ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാന്റെ ആക്രമണത്തിന് അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം, ആക്രമണം നടത്തിയതായി പാകിസ്ഥാൻ സ്ഥിരീകരിച്ചില്ല. അതിർത്തിക്കടുത്തുള്ള താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അക്രമം. മരണസംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. അഫ്​ഗാനിസ്ഥാന്റെ ഭൂമിയും പരമാധികാരവും സംരക്ഷിക്കുമെന്ന് താലിബാൻ അറിയിച്ചു. പാകിസ്ഥാൻ താലിബാൻ (തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ -ടിടിപി) അടുത്ത മാസങ്ങളിൽ പാകിസ്ഥാൻ സേനയ്‌ക്കെതിരായ നിരന്തരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു.