ചപ്പാത്തിക്കും പൂരിക്കുമെല്ലാം ഒപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു ഉരുളകിഴങ്ങ് കറി തയ്യാറാക്കിയാലോ? തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- ഉരുളകിഴങ്ങ് -4
- ക്യാരറ്റ് -1 ( നിർബന്ധമില്ല)
- സവാള -1 വലുത്
- പച്ചമുളക് -4
- ഇഞ്ചി അരിഞത്-3/4റ്റീസ്പൂൺ
- മഞൾ പൊടി -1/2 റ്റീസ്പൂൺ
- ഉപ്പ്,കടുക്,എണ്ണ – പാകത്തിന്
- ഉഴുന്ന് പരിപ്പ് -1/4 റ്റീസ്പൂൺ
- കറിവേപ്പില – 1 തണ്ട്
- മല്ലിയില അരിഞത് -2 റ്റീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് വൃത്തിയാക്കി ചെറുതായി അരിഞ്ഞ് കുറച്ച് മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് വേവിച്ച് ഉടച്ച് മാറ്റി വക്കുക. ക്യാരറ്റ് കൂടെ ചേർക്കുന്നുണ്ടെങ്കിൽ അതും കിഴങിന്റെ കൂടെ വേവിച്ച് ഉടച്ച് വക്കുക. ഉരുളകിഴങ്ങ് വേവിച്ച വെള്ളം കളയാതെ എടുത്ത് വക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്ന്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് നീളത്തിൽ അരിഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക.
സവാള ചെറുതായി വഴന്റ ശേഷം നീളത്തിൽ കീറിയ പച്ചമുളക്, ഇഞ്ചി അരിഞ്ഞത് ഇവ ചേർത്ത് വഴറ്റുക. താല്പര്യമുള്ളവർക്ക് ഇഞ്ചിയുടെ അതെ അളവിൽ വെളുത്തുള്ളിയും ചേർക്കാം. സവാള നന്നായി വഴന്റ ശേഷം വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ചേർത്ത് പാകത്തിനു ഉപ്പ്, മഞ്ഞൾപൊടി കൂടെ ചേർത്ത് നന്നായി ഇളക്കി 1 മിനുറ്റ് ശേഷം ഉരുളകിഴങ്ങ് വേവിച്ച വെള്ളം മാറ്റി വച്ചതിൽ നിന്ന് എത്ര ചാറു വേണമൊ അതിനനുസരിച്ച് വെള്ളം കൂടി അതിൽ നിന്ന് ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക.
ചാറു കുറച്ച് കുറുകി തീ ഓഫ് ചെയ്ത് മല്ലിയില കൂടെ ചേർത്ത് ഇളക്കി ഉപയോഗിക്കാം. താല്പര്യമുള്ളവർക്ക് തീ ഓഫ് ചെയ്യുന്നതിനു മുൻപെ 1/4 ടീസ്പൂൺ കുരുമുളക് പൊടിയൊ, 1/4 ടീസ്പൂൺ ഗരം മസാലയോ ചേർക്കാം. കിഴങ്ങ് കറി റെഡി.