Kerala

ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറെന്ന് കെ. സുരേന്ദ്രന്‍

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരായ എം.വി ഗോവിന്ദന്റെ പ്രസ്താവനയോട് തൃശ്ശൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവര്‍ണര്‍ ഇടപ്പെട്ടത്.

പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ തടഞ്ഞുവെച്ചതാണ് ഗവര്‍ണര്‍ക്കെതിരായ സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദന്റെ പാര്‍ട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചത്. അതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദന്‍ ഇപ്പോള്‍ നടത്തുന്നത്. ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷത്തിന് തുല്യമായ പരിഗണന ക്രൈസ്തവ ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന നിലപാടുള്ള ഏക പാര്‍ട്ടിയാണ് ബിജെപി. 80:20 വിഷയത്തിലും മുനമ്പം വിഷയത്തിലും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അന്തസ് ഉയര്‍ത്തി പിടിച്ചത് ബിജെപിയാണ്. ലവ് ജിഹാദ് വിഷയത്തിലായാലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തിന്റെ കാര്യത്തിലായാലും ക്രൈസ്തവരുടെ കൂടെ ഒരു പാറ പോലെ ഉറച്ചു നിന്നത് ബിജെപി മാത്രമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

CONTENT HIGHLIGHTS; K said that Surendran Arif Muhammad Khan was the governor who opposed the unconstitutionality of the Pinarayi government