ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാരറ്റ്. ഇത് വെച്ച് ഒരു കിടിലൻ ഹൽവ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1. കാരറ്റ് – 1 കിലോ (ചെറുതായി ചീകിയെടുത്തത്)
- 2. പഞ്ചസാര -200 ഗ്രാം
- 3. പാല്‍ – 250 മില്ലി ലിറ്റര്‍
- 4. നെയ്യ് – 3 ടേബിള്‍സ്പൂണ്‍
- 5. ഏലക്ക പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
- 6. കശുവണ്ടിപ്പരിപ്പ് – 10 എണ്ണം
- 7. ബദാം – 10 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കാരറ്റ് ചേര്‍ത്ത് ചെറുതീയില്‍ മൂടിവെച്ച് 20 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. കാരറ്റ് നന്നായി വെന്തതിനു ശേഷം മൂടിവെയ്ക്കാതെ നന്നായി ഇളക്കി വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പാലൊഴിച്ച് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക.
10 മിനിറ്റ് കഴിയുമ്പോള്‍ മൂടി തുറന്ന് നന്നായി ഇളക്കി വെള്ളം ബാക്കിയുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റിയെടുക്കുക. പഞ്ചസാര അലിഞ്ഞ് പാത്രത്തിന്റെ വശങ്ങളില്‍നിന്ന് വിട്ടുവരുന്ന പരുവം ആകുമ്പോള്‍ ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത നട്സ് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി കൂടി ചേര്‍ത്തിളക്കി സെര്‍വ് ചെയ്യാം.