Kerala

ഫർണിച്ചർ നിർമാണ യൂണിറ്റിന് തീപിടിച്ചു: 75 ലക്ഷം രൂപയുടെ നാശനഷ്ടം

ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിൽ ഉണ്ടായ തീപിടത്തില്‍ വലിയ നാശനഷ്ടം. വേളം പഞ്ചായത്തിലെ പെരുവയല്‍ അങ്ങാടിയിലെ മലനാട് വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് പുലര്‍ച്ചെയോടെ വന്‍ അഗ്നിബാധയുണ്ടായത്. 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. പേരാമ്പ്ര മരുതേരി സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വീട്ടുകാരന്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയില്‍ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ട് യൂണിറ്റും പേരാമ്പ്രയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിനുകളും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.