പ്രമുഖ നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണന്റെ ഒന്നാംചരമവാർഷിക ദിനാചരണം ഡിസംബർ 27 വൈകുന്നേരം 5ന് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടക്കും. പ്രമുഖ സാഹിത്യകാരൻ ജി. ആർ. ഇന്ദുഗോപൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതിഭവൻ സെക്രട്ടറി പി.എസ്സ്.മനേക്ഷ് അദ്ധ്യക്ഷനാകും. നാടകകൃത്തും സംവിധായകനുമായ പി. ജെ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തും. കളം തീയേറ്റർ ആൻഡ് റപ്രട്ടറിയുടെ മാനേജിങ് ഡയറക്ടറും പ്രശാന്തിന്റെ പങ്കാളിയുമായ കല സാവിത്രി, പ്രശാന്തിന്റെ സുഹൃത്തുക്കളും കലാസാഹിത്യപ്രവർത്തകരുമായ ആർട്ടിസ്റ്റ് ഭട്ടതിരി, എം. രാജീവ്കുമാർ, ശ്രീകാന്ത് കാമിയോ, ഗീത രംഗപ്രഭാത്, ശശി സിതാര , ജയചന്ദ്രൻ കടമ്പനാട്, അലക്സ് വള്ളികുന്നം, സുധി ദേവയാനി, രതീഷ് രവീന്ദ്രൻ എന്നിവർ പ്രശാന്തിന്റെ സ്മരണകൾ പങ്കുവയ്ക്കും. കളം പീരിയോഡിക്കൽസ് ഡയറക്ടർ സിനോവ് സത്യൻ സ്വാഗതവും കളം തീയേറ്റർ ഡയറക്ടർ നിതിൻ മാധവ് നന്ദിയും പറയും.
കളം തീയേറ്റർ ആൻഡ് റപ്രട്ടറിയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മോഹൻലാലിനേയും മുകേഷിനേയും ഉൾപ്പെടുത്തി പ്രശാന്ത് നാരായണൻ രചനയും സംവിധാനവും ചെയ്ത ഛായാമുഖി മലയാളനാടകവേദിയിൽ ഏറെ ശ്രദ്ധ നേടിയ നാടകമാണ്. എം ടിയുടെ ജീവിതവും കൃതികളും കോർത്തിണക്കി പ്രശാന്ത് ചെയ്ത മഹാസാഗരം എന്ന നാടകം അടക്കം മുപ്പതു നാടകങ്ങളുടെ രചനയും അറുപതോളം നാടകങ്ങളുടെ സംവിധാനവും പ്രശാന്ത് നിർവ്വഹിച്ചിട്ടുണ്ട്. പ്രശാന്തിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി ബഹറിൻ പ്രതിഭ വിനോദ് വി ദേവന്റെ സംവിധാനത്തിൽ ഈ 13ന് ബഹറിനിലും മഹാസാഗരം അവതരിപ്പിച്ചിരുന്നു.
CONTENT HIGH LIGHTS; Prashant Narayanan commemoration on December 27 at Vailoppilly Sanskriti Bhavan