നടി തൃഷ കൃഷ്ണൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. താൻ സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ പോകുന്നു എന്നാണ് താരം പറയുന്നത്. ക്രിസ്തുമസ് ദിനത്തിൽ തന്റെ പ്രിയപ്പെട്ട വളർത്തുനായയുടെ വിയോഗമാണ് തൃഷയെ പാടെ തകർത്തത്. തന്റെ മകനെയാണ് നഷ്ടപ്പെട്ടത് എന്നാണ് തൃഷ സോഷ്യൽമീഡിയയിൽ കുറിച്ചത്. നികത്താനാകാത്ത നഷ്ടമാണ് തനിക്കും കുടുംബത്തിനുമുണ്ടായതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സോറോയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താരം വേദന അറിയിക്കുന്നത്.
തൃഷയുടെ പോസ്റ്റ് ഇങ്ങനെയാണ്- ‘എന്റെ മകൻ സോറോ ഈ ക്രിസ്മസ് പുലരിയിൽ വിടപറഞ്ഞു. എന്നെ അടുത്തറിയാവുന്നവർക്കറിയാം, ഇനി എന്റെ ജീവിതം അർഥശൂന്യമായിരിക്കുന്നു എന്ന്. ഞാനും എന്റെ കുടുംബവും ഈ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ല. കുറച്ചു കാലത്തേക്ക് ജോലിയിൽ നിന്നും ഇടവേള എടുക്കുന്നു.’ എന്നാണ് തൃഷ പറയുന്നത്.
വേദനിപ്പിക്കുന്ന വരികൾക്കൊപ്പം പ്രിയപ്പെട്ട നായയെ അടക്കിയ സ്ഥലത്തിന്റെ ചിത്രവും തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പുഷ്പങ്ങളും മെഴുകുതിരികളും പൂമാലകളും കൊണ്ടാണ് തൃഷ സോറോയെ യാത്രയാക്കിയത്. പോസ്റ്റിന് താഴെ നിരവധിപേരാണ് തൃഷയെ ആശ്വസിപ്പിച്ച് എത്തിയിരിക്കുന്നത്. ഹന്‍സിക, പൂര്‍ണിമ ഇന്ദ്രജിത്ത്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നിരവധി താരങ്ങൾ നടിയെ ആശ്വസിപ്പിച്ചെത്തുന്നുണ്ട്. തന്റെ പ്രിയപ്പെട്ട പെറ്റും അടുത്തിടെ തങ്ങളെ വിട്ടുപോയിരുന്നു എന്നാണ് കല്യാണി പ്രിയദർശൻ കുറിച്ചത്.
അജിത്ത് കുമാർ നായകനാകുന്ന ‘വിടാമുയർച്ചി’ എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന ‘ഐഡന്റിറ്റി’ എന്ന ചിത്രമാണ് തൃഷയുടേതായി തിയേറ്ററിൽ റിലീസിനൊരുങ്ങുന്നത്. ജനുവരി 2 ന് ചിത്രം തിയേറ്ററിലെത്തും.