News

തൃശൂര്‍ ബിഷപ്പ് ഹൗസിലെത്തി കെ.സുരേന്ദ്രൻ, ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി

ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ അതിരൂപത ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. ഡിസംബർ 20 മുതൽ 30 വരെ ബിജെപിയുടെ നേതൃത്വത്തിൽ സ്നേഹയാത്ര നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് സന്ദർശനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ​ക്രിസ്മസ് സന്ദേശം ബിഷപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. കേക്ക് മുറിച്ച് ഇരുവരും മധുരം പങ്കിട്ടു. കൂടാതെ 20 മിനിറ്റോളം ചർച്ച നടത്തുകയും ചെയ്തു.

യാത്രയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസുമായും കെ. സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. എം.കെ വർഗീസിന്റെ മണ്ണുത്തിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.