Food

ഗോതമ്പുപൊടിയും തേങ്ങയും ഉണ്ടോ ? അതിശയിപ്പിക്കും രുചിയിൽ സൂപ്പർ പലഹാരം

ഗോതമ്പ് പൊടിയും തേങ്ങയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്ക് റെസിപ്പി നോക്കാം. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാവുന്ന നല്ല രുചികരമായ ഒരു നാലുമണി പലഹാരമാണിത്.

ആവശ്യമായ ചേരുവകകൾ

ഗോതമ്പുപൊടി – 1 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
ഉപ്പ് – 1/4 ടീസ്പൂൺ
പഞ്ചസാര – 2 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
കറുത്ത എള്ള് – 1 ടീസ്പൂൺ
വെളുത്ത എള്ള് – 1 ടീസ്പൂൺ
ഓയിൽ – ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി

ആദ്യമായി ഒരു ബൗളിലേക്ക് 250 എം എൽ കപ്പിൽ ഒരു കപ്പ് ഗോതമ്പുപൊടിയും അരക്കപ്പ് തേങ്ങയും കാൽ ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് കൈവച്ച് നന്നായൊന്ന് മിക്സ് ചെയ്തെടുക്കാം. ശേഷം ഇവയെല്ലാം കൂടെ നല്ല സോഫ്റ്റ് ആയി കിട്ടാൻ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. ഈ അരച്ചെടുത്ത മിക്സിന്റെ പകുതി ഒരു ബൗളിലേക്ക് മാറ്റി ബാക്കി പകുതിയിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഒന്നുകൂടെ നന്നായി പൊടിച്ചെടുക്കാം. ഇപ്പോൾ അടിച്ചെടുത്ത മിക്സ് കൂടെ ബൗളിലേക്ക് ചേർത്ത് അതിലേക്ക് ഒരു ടീസ്പൂൺ നെയ്യും ഒരു ടീസ്പൂൺ കറുത്ത എള്ളും ഒരു ടീസ്പൂൺ വെളുത്ത എള്ളും കൂടെ ചേർത്ത് നന്നായൊന്ന് കുഴച്ചെടുക്കാം. ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം കൂടെ ചേർത്ത് വീണ്ടും നന്നായി കുഴച്ച് നല്ല സോഫ്റ്റ് ആക്കിയെടുക്കണം. ഇത് ഒരു ചപ്പാത്തി പലകയിലോ മറ്റോ വെച്ച് വീണ്ടും നല്ലപോലെ കുഴച്ച് വലിയ ഉരുളകളാക്കി എടുക്കണം. ശേഷം ഇത് കയ്യിൽ വച്ച് ഉരുട്ടി കട്ടി കുറഞ്ഞ രീതിയിൽ പരത്തിയെടുക്കണം. ശേഷം വൃത്താകൃതിയിലുള്ള എന്തെങ്കിലും എടുത്ത് പരത്തിയെടുത്ത മിക്സ് അതേ ആകൃതിയിൽ മുറിച്ചെടുക്കാം. ശേഷം ഒരു ഇരുമ്പ് ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ പൊരിച്ചെടുക്കാം. ഗോതമ്പുപൊടി കൊണ്ട് രുചിയൂറും പലഹാരം റെഡി.