Travel

മണ്ണ് അരിച്ചുപെറുക്കിയാൽ സ്വർണം തരുന്ന ബീച്ച് ; നിധി തേടി വിനോദ സഞ്ചാരികളും എത്തുന്നു | andhra-pradeshs-uppada-beach-soil-prospectors-find-gold-jewellery

ഈ ഗ്രാമത്തിലെ ഒരു ബീച്ചിൽ നിന്ന് നിവാസികൾക്ക് സ്വർണം ലഭിക്കുകയാണ്

സ്വർണത്തിന്റെ വിലയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വാങ്ങാനുള്ള ആഗ്രഹം ചിലർക്ക് നഷ്ടപ്പെട്ടേക്കാം. കാരണം ഒരോ ദിവസവും സ്വർണവില കുതിച്ചുയരുകയാണ്. എന്നാൽ ഇന്ത്യയിലെ ഒരു കടൽതീരത്തിറങ്ങുന്നവർക്ക് സ്വർണം ലഭിക്കുമെന്ന് പറഞ്ഞാൽ നിങ്ങളിൽ അരെങ്കിലും വിശ്വസിക്കുമോ? എന്നാൽ വിശ്വസിച്ചേ പറ്റൂ. പറഞ്ഞുവരുന്നത് ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തെക്കുറിച്ചാണ്. ഈ ഗ്രാമത്തിലെ ഒരു ബീച്ചിൽ നിന്ന് നിവാസികൾക്ക് സ്വർണം ലഭിക്കുകയാണ്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഉപ്പഡ ബീച്ചിൽ നിന്നാണ് നാട്ടുകാർക്ക് സ്വർണം ലഭിക്കുന്നത്. ഇതോടെ ഈ നാട്ടുകാർക്ക് സ്വർണം തിരയൽ ഒരു ഹോബിയായി മാറിയിരിക്കുകയാണ്. എങ്ങനെയാണ് ഈ ബീച്ചിൽ സ്വർണം എത്തുന്നത്? അതിന്റെ കാരണം എന്താണ്? പരിശോധിക്കാം.

ബീച്ചിൽ നിലനിൽക്കുന്ന ഈ അപൂർവ പ്രതിഭാസം താമസക്കാരുടെയും നിവാസികളുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. നിരവധി പേരാണ് സ്വർണം തേടി ഈ ബീച്ചിലേക്ക് എത്തുന്നത്. തീരത്തൂടെ വെറുതെ നടക്കാൻ ഇറങ്ങിയാൽ ഒരിക്കിലും സ്വർണം ലഭിക്കില്ല, മറിച്ച് ഓരോ മണൽതരിയും അരിച്ച് പെറുക്കിയാൽ മാത്രമേ സ്വർണം ലഭിക്കുകയുള്ളൂ. മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ ചീപ്പുകളും മറ്റ് സാധനങ്ങളും ഉപയോഗിച്ച് മണൽതരി അരിച്ചു പെറുക്കുകയാണ്. മണ്ണിൽ ഒളിഞ്ഞിരിക്കുന്ന സ്വർണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം. കാക്കിനട റവന്യൂ ഡിവിഷന്റെ പരിധിയിൽ വരുന്ന ഉപ്പട ബീച്ചിലാണ് ഈ പ്രതിഭാസം നിലനിൽക്കുന്നത്. ഈ ബീച്ച് സ്വർണ നിക്ഷേപങ്ങൾക്ക് മാത്രമല്ല, സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നു കൂടെയാണ്. ഉപമുഖ്യമന്ത്രി പവൻ കല്യാൺ അടുത്തിടെ ഉപ്പടയും മേഖലയിലെ മറ്റ് ബീച്ചുകളും അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാൻ നിർദ്ദേശിച്ചിരുന്നു. ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം ആളുകകൾക്ക് മികച്ച അനുഭവം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യു കോതപ്പള്ളി ബ്ലോക്കിലെ ഉപ്പട, സുരദാപേട്ട് എന്നിവയുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ഗ്രാമവാസികൾ തലമുറകളായി മണലിൽ സ്വർണ്ണ കണങ്ങളും മുത്തുകളും കണ്ടെത്തുന്ന ജോലിയിൽ ഏർപ്പെടുന്നവരാണ്. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് ചെറിയ സ്വർണ കണങ്ങൾ മാത്രമല്ല, ചിലപ്പോൾ കട്ടിയുള്ള സ്വർണ്ണ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. തീരദേശ മണ്ണൊലിപ്പ് കാരണമാണ് ഇങ്ങനെയൊരു പ്രതിഭാസം ഈ ബീച്ചിൽ നിലനിൽക്കുന്നത്. മുൻ കാലങ്ങളിൽ നിരവധി ക്ഷേത്രങ്ങളും വീടുകളും കടലാക്രമണത്തിൽ തകർന്നിട്ടുണ്ട്. ഇവിടെ നിന്നും ഒട്ടേറെ സ്വർണം കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. ഭാരമേറിയതും ഈടുനിൽക്കുന്നതുമായ ഈ സ്വർണ കഷ്ണങ്ങൾ ഇപ്പോൾ ശക്തമായ തിരമാലകളിൽ കരയിലേക്ക് തിരികെയെത്തുന്നു. ഈ വർഷം നവംബർ മാസത്തിൽ തെക്കൻ തീരത്ത് ആഞ്ഞടിച്ച നിവാർ ചുഴലിക്കാറ്റാണ് സ്വർണം കണ്ടെത്തുന്നതിന് വീണ്ടും സഹായിച്ചത്. ഈ ചുഴലിക്കാറ്റ് സമയത്തുണ്ടായ വേലിയേറ്റം കടൽത്തീരത്തെ ഇളക്കിമറിച്ചു. പിന്നാലെ സ്വർണകണങ്ങളും മുത്തുകളും കടൽതീരത്തേക്ക് കൊണ്ടുപോയി. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കാണ് ആദ്യം സ്വർണം ലഭിച്ചത്. പിന്നാലെ ഈ വാർത്ത പ്രചരിച്ചതോടെ പ്രദേശവാസികളും ദൂരദേശത്ത് നിന്നുള്ളവരും ബീച്ചിലേക്ക് ഇരച്ചെത്തി.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 3500 രൂപയുടെ സ്വർണം വരെ പ്രദേശവാസികൾക്ക് കടലിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കടൽത്തീരത്ത് കണ്ടെത്തിയ സ്വർണ്ണം നൂറ്റാണ്ടുകൾക്ക് മുമ്പ് കടലിനടിയിൽ മുങ്ങിയ പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാകാമെന്ന് അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വീടുകളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണ സമയത്ത് ചെറിയ സ്വർണ മുത്തുകൾ കുഴിച്ചിടുന്നത് പ്രദേശത്ത് പതിവായിരുന്നെന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ലവു രാജു പറയുന്നു. കാലക്രമേണ മണ്ണൊലിപ്പ് കാരണം തീരപ്രദേശങ്ങൾ തകർന്നതിനാൽ, ഈ സ്വർണ കണങ്ങൾ കടൽ കൊണ്ടുപോയി. നിവാർ ചുഴലിക്കാറ്റിന് പിന്നാലെ ഇത് തീരത്തോട് അടുക്കുകയാണ്. കടലിൽ മത്സ്യത്തിന് ക്ഷാമമുള്ളപ്പോൾ മത്സ്യത്തൊഴിലാളികളിൽ കൂടുതൽ പേരും സ്വർണം തിരയാൻ നിൽക്കുകയാണ്.

STORY HIGHLIGHTS: andhra-pradesh-uppada-beach-soil-prospectors-find-gold-jewellery