പല കാരണങ്ങൾ കൊണ്ടും ശരീരഭാരം വർദ്ധിക്കാം. വ്യായാമക്കുറവ് ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യത്യാസം ഭക്ഷണക്രമം എന്നിവ കൊണ്ടും ശരീരഭാരം വർദ്ധിക്കാം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ശരിയായ വ്യായാമം തന്നെ വേണം. അതോടൊപ്പം ശരിയായ ഭക്ഷണരീതിയും . വണ്ണം കുറയ്ക്കാൻ ഒരുങ്ങുന്ന ആളുകൾ അറിയാൻ ചില കാര്യങ്ങൾ ഇവിടെ ചേർക്കുന്നു
ആരോഗ്യകരമായ ഭക്ഷണശീലം
ഭക്ഷണം വേണ്ടെന്ന് വെച്ചല്ല, മറിച്ച് ഭക്ഷണം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇതിനായി ഫൈബർ, പ്രോട്ടീൻ തുടങ്ങിയവയൊക്കെ ധാരാളം അടങ്ങിയ ആഹാരം കഴിക്കണം. എന്നാൽ ഇതൊന്നും അമിതമാകാനും പാടില്ല. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദീർഘനേരം വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുന്നു. നട്സ്, പയർ വർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നവയാണ്. വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക.
വ്യായാമം
വ്യായാമം ചെയ്യുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, ശരീരത്തിന് മറ്റുപല ഗുണങ്ങളും നൽകുന്നുണ്ട്. പലർക്കും പതിവായി വ്യായാമം ചെയ്യാൻ മടിയാണ്. എന്നാൽ ഭാരം കുറയ്ക്കണമെന്ന ലക്ഷ്യമുള്ളവർ തുടക്കത്തിൽ തന്നെ അതികഠിനമായ വ്യായാമങ്ങളിൽ ഏർപ്പെട്ട് പ്രശ്നത്തിലാകുകയും ചെയ്യാറുണ്ട്. പലർക്കും വ്യായാമത്തിന്റെ കാര്യത്തിൽ ആരംഭശൂരത്വമാണ്. തുടക്കത്തിലെ താല്പര്യം പിന്നീടങ്ങോട്ട് കുറഞ്ഞുവരുന്നത് കാണാം. വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ ആരോഗ്യത്തിന് ചേർന്നതും ദീർഘകാലം ചെയ്യാൻ സാധിക്കുന്നതുമായ വ്യായാമത്തിൽ ഏർപ്പെടുന്നതാണ് ഇപ്പോഴും നല്ലത്.
വണ്ണം കുറയാത്തതിന് കാരണം
വഴികൾ പലതും പരീക്ഷിച്ചിട്ടും വണ്ണം കുറയുന്നില്ല എന്ന് പരാതി പറയുന്നവർ ഏറെയുണ്ട്. ശരീരഭാരം നിയന്ത്രിക്കേണ്ടത് പട്ടിണി കിടന്നുള്ള, മറിച്ച് ആരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മുടെ ആഹാരശീലത്തിൽ ഉൾപ്പെടുത്തിയും മുടങ്ങാതെ വ്യായാമം ചെയ്യുന്നത് വഴിയുമാണ്. എത്രയൊക്കെ ആരോഗ്യകരമായി ഭക്ഷണം കഴിച്ചാലും വ്യായാമം ഇല്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിച്ചേക്കാം. നേരെ തിരിച്ചും, വ്യായാമം മാത്രം ചെയ്ത് ഭക്ഷണം കഴിക്കാതെ ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നതും അപകടകരമായ വഴിയാണ്.
ഭക്ഷണം കുറച്ച് വണ്ണം കുറച്ചാൽ
വ്യായാമമൊക്കെ ചെയ്യാൻ മടിയുള്ളവർ ശരീരഭാരം കുറയ്ക്കാൻ ആദ്യം സ്വീകരിക്കുന്ന മാർഗ്ഗം ഭക്ഷണം വേണ്ടെന്ന് വെക്കുന്നതാണ്. പട്ടിണി കിടന്ന് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾ കുറച്ചൊന്നുമല്ല നമുക്കിടയിലുള്ളത്. എളുപ്പത്തിൽ തടി കുറയ്ക്കാൻ സഹായിക്കുന്ന കുറുക്കുവഴികളിലൊന്നാണ് ഭക്ഷണം വേണ്ടെന്ന് വെയ്ക്കുന്നത്. എന്നാൽ ഇത് തീർത്തും അനാരോഗ്യകരമായ രീതിയാണ്. കാരണം ഇതും ഭാവിയിൽ പല രോഗങ്ങൾക്കും വഴിവെക്കും.
പൊണ്ണത്തടി വരുത്തുന്ന രോഗങ്ങൾ
ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ, ഉറക്കക്കുറവ്, ജങ്ക് ഫുഡ് അമിതമാകുന്നത് തുടങ്ങിയവയെല്ലാം അമിതവണ്ണം ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങളാണ്. ട്രാൻസ്ഫാറ്റുകളും പൂരിത കൊഴുപ്പുമെല്ലാം വണ്ണം കൂടുന്നതിന് കാരണമാകുന്നുണ്ട്. ഇത് ഹൃദ്രോഗം, കൊളസ്‌ട്രോൾ, പ്രമേഹം, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ക്രമേണ നയിക്കുന്നു. അമിതവണ്ണം ചില സാഹചര്യങ്ങളിലെങ്കിലും ക്യാൻസറിന് വരെ കാരണമാകുമെന്നറിയാമോ? സ്ത്രീകളിലെ PCOD പോലുള്ള പ്രശ്നങ്ങളുടെ പ്രധാന ലക്ഷണം തന്നെ അമിതവണ്ണം ആണ്.
ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ്
പെട്ടന്ന് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ഡയറ്റ് പ്ലാനുകൾ നിലവിലുണ്ട്. ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്, കീറ്റൊ ഡയറ്റ്, പാലിയോ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ്, ഡാഷ് ഡയറ്റ്, വീഗൻ ഡയറ്റ് തുടങ്ങിയവയൊക്കെ ഇത്തരത്തിൽ ചിലതാണ്. എന്നാൽ ഒരു ഡയറ്റീഷ്യന്റേയോ ആരോഗ്യവിദഗ്ധന്റെയോ അഭിപ്രായം തേടാതെ ഇത്തരം ഡയറ്റ് പിന്തുടരുന്നതും അപകടമാണ്. കാരണം ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ഒരാൾക്ക് ഗുണം ചെയ്യുന്ന ഡയറ്റ് വേറൊരാൾക്ക് അതെ രീതിയിൽ ഫലം ചെയ്യണമെന്നില്ല. നിങ്ങളുടെ പോഷക കുറവുകൾ കണ്ടെത്തി അത് നികത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ നിർദ്ദേശിക്കാൻ ഒരു ഡോക്ടറിന് സാധിക്കുന്ന രീതിയിൽ മറ്റാർക്കും സഹായിക്കാനാകില്ല.
content highlight : about-weight-loss