കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതിക ശരീരം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും. 5ന് മാവൂർ റോഡ് ശ്മശാനത്തിലാണു സംസ്കാരം. എം.എൻ.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രൻ, ഷാഫി പറമ്പിൽ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി.
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ നാല് ദിവസം ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു.
ഏഴ് പതിറ്റാണ്ടിലേറെ തന്റെ എഴുത്തിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.