മലയാളിയുടെ വായനാ ചക്രവാളത്തെ ലോകസാഹിത്യത്തിലേക്ക് വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് എം.ടി. ലോകത്തെവിടെയും പുതിയ നല്ല പുസ്തകങ്ങളിറങ്ങിയാൽ അത് എംടിയുടെ കൈയിലെത്തുമായിരുന്നു. നിരവധി പ്രധാന ലോക രചനകൾ മലയാളിക്ക് പരിചയപ്പെടുത്തിയത് എംടിയാണ്.
”എഴുത്തുകാരന്റെ വായന, വായനക്കാരൻ മാത്രമായ ഒരാളുടെ വായനയിൽ നിന്ന് ഗുണപരമായി വ്യത്യസ്തമായിരിക്കും” എംടി തന്നെ പറഞ്ഞതാണിത്. കഥ, നോവൽ, തിരക്കഥ ഇവയിലെല്ലാം ആഘോഷിക്കപ്പട്ട പോലെ എംടിയുടെ വായനക്കാരൻ എന്ന മുഖം അത്രമേൽ ചർച്ചയാകാറില്ല. ലോകത്തെ മികച്ച പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുന്നത് പതിവാക്കിയ വ്യക്തിയായിരുന്നു എംടി. വായിക്കുക മാത്രമല്ല അവയെക്കുറിച്ച് ഏറ്റവും ഭംഗിയായി മലയാളത്തിനു പറഞ്ഞു തന്നു എന്നാണ് എംടി മലയാളത്തിനു നൽകിയ വലിയ സംഭാവന.
1933 ൽ പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണു മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ ജനിച്ചത്. മലമക്കാവ് എലിമെന്ററി സ്കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽവച്ചുതന്നെ എഴുത്തു തുടങ്ങി. ജ്യേഷ്ഠൻ എം.ടി.നാരായണൻ നായർ, സ്കൂളിലെ സീനിയറും അയൽനാട്ടുകാരനുമായ അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരുടെ സ്വാധീനം എംടിയെ വായനയിലും എഴുത്തിലും വഴി കാട്ടി. ആദ്യകാലത്ത് കവിതയാണ് എഴുതിയിരുന്നത്. പിന്നീട് ഗദ്യത്തിലേക്കു വഴിമാറി. വിക്ടോറിയയിലെ പഠനകാലത്ത് വായനയും എഴുത്തും ലഹരിയായി. ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യ കഥാസമാഹാരം അക്കാലത്താണു പ്രസിദ്ധീകരിച്ചത്. 1954-ൽ നടന്ന ലോകചെറുകഥാ മൽസരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാമതെത്തിയതോടെ എംടി ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ചുനാൾ അധ്യാപകനായും ഗ്രാമസേവകനായും ജോലി ചെയ്തു. 1957 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജോലിക്കു ചേർന്നു. നാലുകെട്ട് ആണ് പുസ്തകരൂപത്തിൽ വന്ന ആദ്യനോവൽ. അതിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മലയാളത്തിലെ സാഹിത്യ പത്രപ്രവർത്തനത്തെ പുതിയ ദിശയിലേക്കു നയിക്കാൻ എംടിക്കു കഴിഞ്ഞു. മലയാളത്തിൽ പിൽക്കാലത്തു തലയെടുപ്പുള്ളവരായി വളർന്ന മിക്ക എഴുത്തുകാരെയും പ്രോൽസാഹിപ്പിച്ചതും അവരുടെ രചനകൾ പ്രസിദ്ധീകരിച്ചതും എംടിയായിരുന്നു. 1965 ൽ മുറപ്പെണ്ണ് എന്ന ചെറുകഥ തിരക്കഥയാക്കിയാണ് സിനിമയിലെ തുടക്കം. ആദ്യ സംവിധാന സംരംഭമായ നിർമാല്യത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു. അൻപതിലേറെ സിനിമകൾക്കു തിരക്കഥയെഴുതി. അവയിൽ പലതും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മിക്കതും വാണിജ്യ വിജയങ്ങളുമാണ്.
ഒരു അമേരിക്കൻ യാത്രയ്ക്കുശേഷം എം.ടിയാണ് ഗബ്രിയേൽ മാർക്കേസ് എന്ന വിഖ്യാത എഴുത്തുകാരനെ മലയാളിക്കു പരിചയപ്പെടുത്തുന്നുന്നത്. ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന ഇതിഹാസ കൃതി മലയാളത്തിന്റെ സ്വന്തം കൃതിപോലെ ആഘോഷിക്കപ്പെട്ടു. ലോകം കീഴടക്കിയ കാർലോയ് ലൂയിസ് സാഫോൺ എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തുന്നതും എം. ടി തന്നെയാണ്. 15 ദശലക്ഷം കോപ്പികൾ വിറ്റ ‘ദി ഷാഡോ ഓഫ് ദ വിൻഡ്’ എന്ന നൂറ്റാണ്ടിന്റെ അത്ഭുതം എന്നു വിശേഷിക്കപ്പെട്ട പുസ്തകത്തെ പറ്റി എം.ടി പറഞ്ഞത് ഈ പുസ്തകം വായിക്കുമ്പോൾ ജീവചൈതന്യമുള്ള വസ്തുവായി മാറും എന്നായിരുന്നു. ഏതാനും വർഷങ്ങൾക്കകം കാറ്റിന്റെ നിഴലായി പുസ്തകം മലയാളത്തിലുമെത്തി.
ഇങ്ങനെ നിരവധി നിരവധി പുസ്തകങ്ങൾ. ഇനിയുമേറെ കൃതികൾ മലയാളം അറിയാനുണ്ടായിരുന്നു. അപ്പോഴേക്കും എം.ടിയെന്ന വായനക്കാരൻ കണ്ണടച്ചിരിക്കുന്നു. പക്ഷേ എം.ടി പകർന്ന വായനാസംസ്കാരം മലയാളി കൈവിടില്ല.