Kerala

കുറുവാ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്; തമിഴ്‌നാട്ടിൽ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

കുറുവാ സംഘത്തിന് പിന്നാലെ കേരളത്തിൽ വിലസി തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷണം സംഘം ഇറാനി ഗ്യാങ്. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ് അംഗങ്ങള്‍ ഇടുക്കിയില്‍ പിടിയിൽ. നെടുംകണ്ടത്തെ ജുവലറിയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഗാങ്ങില്‍പ്പെട്ട രണ്ട് പേര്‍ പിടിയിലായിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിരവധി മേഖലകളില്‍ മോഷണം നടത്തിയിട്ടുള്ളവരാണ് അറസ്റ്റിലായത്.

മധുര പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാര്‍ ജുവെല്‍സില്‍ ആഭരണങ്ങള്‍ വാങ്ങേനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്. ആഭരണങ്ങള്‍ കാണുന്നതിനിടെ ഹൈദര്‍ , സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. സംഭവം ശ്രദ്ധിച്ച ഉടമ ഉടന്‍ തന്നെ ഇയാളെ പിടികൂടി.

ജ്വല്ലറിയില്‍ നിന്ന് ഇറങ്ങിയോടി ബസ് മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച മുബാറക്കിനെ ശാന്തന്‍പാറ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി മോഷണങ്ങളും കൊള്ളയും നടത്തിയിട്ടുള്ള തമിഴ്‌നാട് ഇറാനി ഗ്യാങ്ങിലെ അംഗങ്ങളാണ് അറസ്റ്റിലായവര്‍. രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറു സംഘങ്ങളായി തിരിഞ്ഞാണ് ഇവരുടെ മോഷണം. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ ഇറാനി ഗ്യാങ് സമാനമായ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഏതാനും നാളുകള്‍ക്കു മുന്‍പ് കോട്ടയത്തും രാജാക്കാട്ടിലും ജൂവലറികള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിയത് ഇതേ സംഘമാണ്.