Automobile

2025 തൂക്കാൻ ഒരുങ്ങി മാരുതി; റോഡ് ഭരിക്കാൻ അവരെത്തുന്നു… | maruti suzuki 2025

പുതിയ രണ്ടു മോഡലുകളും അതുപോലെതന്നെ നിലവിൽ മാർക്കറ്റിലുള്ള മോഡലുകളുടെ ഫെയ്സ്ലിഫ്റ്റും അവതരിപ്പിക്കാനാണ് പദ്ധതി

വാഹനപ്രേമികൾക്ക് നിരവധി സർപ്രൈസുമായി എത്തുകയാണ് മാരുതി അടുത്തവർഷം. 2025ൽ നിരവധി മോഡലുകളാണ് ഉപഭോക്താക്കൾക്കായി കരുതിവച്ചിരിക്കുന്നത്. പുതിയ രണ്ടു മോഡലുകളും അതുപോലെതന്നെ നിലവിൽ മാർക്കറ്റിലുള്ള മോഡലുകളുടെ ഫെയ്സ്ലിഫ്റ്റും അവതരിപ്പിക്കാനാണ് പദ്ധതി. എന്തായാലും 2025ൽ മാരുതി ഇന്ത്യയിൽ എത്തിക്കാൻ പദ്ധതിയിടുന്ന വാഹനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കിയാലോ?

ലിസ്റ്റിൽ ആദ്യം ഇ-വിറ്റാരയാണ്. ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ഇന്ത്യൻ സ്പെക്ക് കാർ പ്രദർശിപ്പിക്കുമെന്നാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം അതേ സമയം തന്നെ ബുക്കിംഗും ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ മാസവും ഏകദേശം 1,000 യൂണിറ്റ് e-വിറ്റാര ഇന്ത്യയിൽ വിൽക്കാനാണ് മാരുതി സുസുക്കി തുടക്കത്തിൽ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

e-വിറ്റാരയുടെ മെക്കാനിക്കൽ സൈഡിലേക്ക് വരുമ്പോൾ, ഇലക്ട്രിക് എസ്‌യുവിക്ക് 49 kWh, 60 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ട് ബാറ്ററി പാക്കുകളുടെയും ഹൈലൈറ്റ് അവ BYD -യിൽ നിന്നുള്ള ബ്ലേഡ് ടൈപ്പാണ് എന്നതാണ്. ഇത് വളരെ കരുത്തുറ്റതും ദീർഘകാലം നിലനിൽക്കുന്നതും ഉയർന്ന ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതുമായ യൂണിറ്റുകളാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. 2022-ല്‍ വിപണിയിലെത്തിയ ഗ്രാന്‍ഡ് വിറ്റാര ചുരുങ്ങിയ നാളുകൊണ്ട് സെഗ്‌മെന്റില്‍ ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. ക്രെറ്റയെ കൂടാതെ കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ് എന്നീ മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍ കാറുകള്‍ക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തില്‍ മിഡ്‌സൈസ് എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി. Y17 എന്നാണ് വരാന്‍ പോകുന്ന എസ്‌യുവിക്ക് ആന്തരികമായി കോഡ്നാമം നല്‍കിയിട്ടുള്ളത്. വരാന്‍ പോകുന്ന കാറിന്റെ അകത്തും പുറത്തും ചില്ലറ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്.

10.70 ലക്ഷം രൂപ മുതലാണ് ഗ്രാന്‍ഡ് വിറ്റാര 5 സീറ്റര്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം റേഞ്ച് ടോപ്പിംഗ് വേരിയന്റ് സ്വന്തമാക്കാന്‍ ഏകദേശം 19.99 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. 7 സീറ്റര്‍ പതിപ്പിലേക്ക് വരുമ്പോള്‍ ഇതിന് 15 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ടോപ്പ് സ്‌പെക്ക് വേരിയന്റിന് ഏകദേശം 25 ലക്ഷം രൂപയും വില പ്രതീക്ഷിക്കുന്നു.

ലിസ്റ്റിൽ അടുത്തത് ബലെനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ്. 2 വർഷം മുൻപാണ് ബലെനോയ്ക്ക് ഒരു മുഖം മിനുക്കൽ ലഭിച്ചത്. 2025 മാർച്ചോടെ പുതിയ മുഖവുമായി വാഹനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി തങ്ങളുടെ ബദൽ ഫ്യുവൽ സാങ്കേതികവിദ്യകൾ വിപുലീകരിക്കാനും വിവിധ വില വിഭാഗങ്ങളിൽ ഹൈബ്രിഡ് ഓപ്ഷനുകൾ അവതരിപ്പിക്കാനുമുള്ള ശ്രമങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ ശക്തമാക്കുകയാണ്. അത് കൊണ്ട് തന്നെ വരാനിരിക്കുന്ന മോഡൽ ഹൈബ്രിഡ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

CONTENT HIGHLIGHT: maruti suzuki models to be launched in 2025