Kerala

എംടി കേരളത്തിലെ ഇടതുപക്ഷ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ എഴുത്തുകാരന്‍: എം.വി.ഗോവിന്ദന്‍

അന്തരിച്ച സാഹിത്യകുലപതി എം ടി വാസുദേവൻ നായർക്ക് നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മറ്റൊരാളുമായും താരതമ്യം ചെയ്യാൻ സാധിക്കാത്ത വ്യക്തിത്വമാണ് എംടി വാസുദേവൻ നായരെന്ന് എം വി ഗോവിന്ദൻ അനുസ്മരിച്ചു. എംടി യുഗം അവസാനിച്ചിരിക്കുകയാണ്. എംടിയോട് ചേർത്ത് നിർത്തി താരതമ്യം ചെയ്യാൻ നമുക്ക് ആരുമില്ല. അദ്ദേഹം എഴുതിയ നോവലുകളും ചെറുകഥകളും ചലച്ചിത്ര ഇതിഹാസങ്ങളും ചർച്ച ചെയ്യപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ എഴുത്തുകാരിൽ ഒരാളായിരുന്നു എംടി. പാർട്ടി ശക്തമായ വിമർശനങ്ങൾ നേരിട്ടപ്പോൾ പക്വതയോടെ സിപിഎം ഇല്ലായിരുന്നുവെങ്കിൽ എന്ന ചോദ്യം അദ്ദേഹം കേരളത്തിന് മുന്നിൽ ഉയർത്തി. സിപിഎം ഇല്ലാത്ത കാലത്തെ കുറിച്ച് ചിന്തിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തു. ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കേരളത്തിൽ അടയാളപ്പെടുത്തിയ കലാകാരനാണ് വിട പറയുന്നതെന്നും എം വി ഗോവിന്ദൻ അനുസ്മരിച്ചു.