ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. ഇത്രയും കാലം ആയുസ് നീട്ടി നല്‍കിയതിന് പ്രകൃതിയോടും ചരാചരങ്ങളോടും കാലത്തോടും നന്ദി പറഞ്ഞ് കടന്നു പോയ വിശ്വ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ മരണവാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാനാകാതെ മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍. ഇന്നലെ ക്രിസ്മസ് ദിനമായതിനാല്‍ പ്രസ്സിന് പൊതു അവധി നല്‍കിയതാണ് പ്രശ്‌നമായത്. എം.ടി. രോഗശയ്യയിലായി വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ മരണം മുന്നില്‍ക്കണ്ട് മരണം മുന്നില്‍കണ്ട് ചരമക്കുറിപ്പുകള്‍ തയ്യാറാക്കിവച്ചിരുന്നെങ്കിലും അതൊന്നും പ്രസിദ്ധീകരിക്കാനായില്ല.
എന്നാല്‍, പത്രങ്ങളുടെ അസാന്നിധ്യം ചാനലുകള്‍ പരമാവധി മുതലാക്കുകയാണ്. ലൈവ് റിപ്പോര്‍ട്ടിങ് വഴി ചാനലുകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. അപ്പോഴും മുന്‍കൂട്ടി തയ്യാറാക്കിയ സപ്ലിമെന്റുകളും ഇന്റര്‍വ്യൂകളും സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റുകള്‍ വഴിയുമൊക്കെ പബ്ലിഷ് ചെയ്യുകയാണ് പ്രമുഖ പത്രങ്ങള്‍ ചെയ്യുന്നത്. ഇന്ന് വൈകിട്ടാണ് സംസ്‌ക്കരചടങ്ങുകള്‍ നടക്കും. നാളത്തെ പത്രങ്ങളില്‍ എം.ടി മാത്രമായിരിക്കും നിറഞ്ഞു നില്‍ക്കുന്നതെന്നുറപ്പാണ്. അതിനു വേണ്ടിയുള്ള തിരക്കിട്ട നീക്കത്തിലാണ് ഓരോ പത്രങ്ങളുടെയും ഡെസ്‌ക്കുകള്‍.
ചാനലുകാര്‍ക്ക് കിട്ടാത്തതും വിട്ടുപോയതുമായ എം.ടിയുടെ അപൂര്‍വ്വ ഓര്‍മ്മകള്‍ വരെ ഇതിലുണ്ടാകുമെന്നുറപ്പാണ്. അദ്ദേഹത്തിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍, ആദ്യകാല എഴുത്തുകള്‍, വായിക്കാത്ത കഥകള്‍, ജീവിതം, സൗഹൃദങ്ങള്‍ അങ്ങനെയെല്ലാം അരിച്ചു പെറുക്കി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യും. അതേസമയം, ഉച്ചയോടെ കോഴിക്കോട് നഗരത്തില്‍ മാത്രം സപ്ലിമെന്റിറക്കി സ്വന്തം സര്‍ക്കുലേഷന്‍ സ്റ്റാഫിനെ കൊണ്ട് വിതരണം ചെയ്യിക്കാനാണ് രാത്രി വൈകി മനോരമ പദ്ധയിട്ടത്. സ്വന്തം ലൈബ്രറി ശേഖരം ഉപയോഗിച്ച് മുന്‍പേ തയ്യാറാക്കി വച്ച ആദരാഞ്ജലി വീഡിയോ തല്‍ക്കാലം സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു.
അതേസമയം ഒരുപടി കൂടി കടന്ന് മുന്‍കൂറായി ഇ-പേപ്പര്‍ തയ്യാറാക്കി വച്ചിരുന്നു മാതൃഭൂമി. മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഇത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. എംടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറായിരിക്കുന്നു എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ച ചാനല്‍ പ്രവര്‍ത്തകരുടെ ഫോട്ടോകള്‍ വച്ചായിരുന്നു ഇത്. മരണങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള കിടമത്സരം ചാനലുകളെ വല്ലാത്ത പരിഹാസ്യമായ നിലയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.
പക്ഷെ, അത്് റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്നതു കൊണ്ട് എന്തു ഫലം. എംടി എന്ന രണ്ടക്ഷരം മലയാളത്തെ ലോകത്തിനു മുമ്പില്‍ എത്തിച്ച വ്യക്തിത്വമാണ്. ജ്ഞാനപീഠനം കയറിയ ജ്ഞാനിയുടെ വിയോഗം കേരളത്തിലെ എല്ലാ മനുഷ്യരും അറിയേണ്ടതും ദുഖിക്കേണ്ടതുമായ സംഗതി കൂടിയാണ്. അത് മാധ്യമങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. ആ കടമയാണ് അവര്‍ ചെയ്യുന്നതും.
CONTENT HIGHLIGHTS; Malayalam newspapers unable to publish news of MT’s death: Major newspapers hit back as they declared Christmas holiday