ചപ്പാത്തിക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ കറി തയ്യാറാക്കിയാലോ? സ്വാദിഷ്ടമായ പാലക്ക് പരിപ്പുകറി. എളുപ്പത്തിൽ തയാറാക്കാവുന്നതും വളരെ രുചികരവുമായ ഒരു വിഭവമാണ് പാലക്ക് പരിപ്പുകറി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചെറുപയർ പരിപ്പ് – അരക്കപ്പ്
- എണ്ണ – രണ്ട് ടേബിൾസ്പൂൺ
- ജീരകം – ഒരു ടീസ്പൂൺ
- സവാള – 2 (കൊത്തിയരിഞ്ഞത്)
- വെളുത്തുള്ളി ചതച്ചത് – രണ്ട് ടേബിൾസ്പൂൺ
- ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ
- കായപ്പൊടി – 1/8 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- മുളകുപൊടി – ഒരു ടീസ്പൂൺ
- മല്ലിപ്പൊടി – മൂന്ന് ടീസ്പൂൺ
- ഒരു തക്കാളി – നീളത്തിലരിഞ്ഞത്
- പച്ചമുളക് – 2 (നീളത്തിലരിഞ്ഞത്)
- പാലക് ചീര – ഒരുപിടി, ചെറുതായി അരിഞ്ഞത്
തയാറാക്കുന്ന വിധം
ആദ്യം ചെറുപയർ പരിപ്പ് ഗോൾഡ് നിറമാകുന്നതുവരെ വറുത്ത്, ആവശ്യത്തിന് വെള്ളമൊഴിച്ച് പ്രഷർ കുക്കറിൽ (മൂന്ന് വിസിൽ) വേവിച്ച് മാറ്റി വയ്ക്കുക. ഒരു പരന്ന പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ജീരകം പൊട്ടിക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, കായം എന്നിവ യഥാക്രമം വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയും ചേർക്കുക. അതിന്റെ പച്ചമണം മാറിയതിനുശേഷം തക്കാളിയും പച്ചമുളകും ചേർത്ത് അടച്ചുവച്ച് വഴറ്റുക. വേവിച്ച പരിപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് ചെറുതീയിൽ വേവിക്കുക. ഇതിലേക്ക് അരിഞ്ഞ പാലക്ക് ചീര ചേർത്ത് അഞ്ചുമിനിറ്റ് വേവിക്കാം. ചൂടോടെ തന്നെ ചപ്പാത്തിക്കൊപ്പം വിളമ്പാം.